
സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മാഹി – തലശേരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ റോഡ് വികസനത്തെപ്പറ്റി ചർച്ച വരുമ്പോൾ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പങ്ക് സംബന്ധിച്ച് ബിജെപി-സിപിഎം അനുഭാവികൾ തമ്മിൽ അടി പതിവാണ്. മാഹി – തലശേരി ബൈപ്പാസ് സംബന്ധിച്ചും ഇതേ ചർച്ച തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന ഒരു പരസ്പര പുകഴ്ത്തൽ.
ദേശീയ പാത വികസനത്തിൽ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പല തവണ പരസ്പം പ്രശംസിച്ചിട്ടുണ്ട്. ഇതിൽ 2018ലെ പരസ്പര പ്രശംസ ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. മാഹി തലശേരി ബൈപ്പാസ് ഉൾപ്പെടെ കണ്ണൂരില്‍ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് അന്ന് ഇരുവരും തമ്മിൽ പുകഴ്ത്തിയത്. ഗെയില്‍, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലേത് മികച്ച സര്‍ക്കാരാണെന്നും അന്ന് ഗഡ്കരി പറഞ്ഞിരുന്നു. അതേസമയം നിതിൻ ഗഡ്കരിയെ ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസിച്ചത്.
ആറ് വർഷം മുമ്പ് നടന്ന ഇതേ ചടങ്ങിൽ തന്നെയാണ് മാഹി – തലശേരി ബൈപ്പാസ് നിര്‍മ്മാണത്തിന് 1181 കോടി നിതിൻ ഗഡ്കരി അനുവദിച്ചത്. ഒപ്പം നീലേശ്വരം ടൗണിന് സമീപം നാലുവരി ആര്‍ഒബിയുടെ നിര്‍മ്മാണത്തിന് 82 കോടിയും നാട്ടുകാല്‍ മുതല്‍ താണാവ് വരെ രണ്ടു വരി പാതയുടെ വിപുലീകരണത്തിന് 294 കോടി രൂപയും കേന്ദ്രം പ്രഖ്യാപിച്ചതും ഇതേ പരിപാടിയിൽ തന്നെ ആയിരുന്നു.
അതേസമയം ഈ ജനുവരിയിലും സംസ്ഥാന സർക്കാരിനെ അബിനന്ദിച്ച് ഗഡ്കരി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഒൻപത് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുന്നതിനിടെയായിരുന്നു ഈ പുകഴ്ത്തൽ. ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഭൂമിയേറ്റെടുക്കലിന് അധിക തുക നൽകേണ്ടി വരുന്നതിനാൽ കിലോമീറ്ററിന് 50 കോടി രൂപയാണ് കേരളത്തിൽ ദേശീയപാതയുണ്ടാക്കാനും വീതി കൂട്ടാനുമായി ചെലവാകുന്നതെന്നും ഗഡ്കരി പറഞ്ഞിരുന്നു. അതിൽ 25 ശതമാനം തുക ചെലവഴിക്കാൻ സംസ്ഥാനം തയ്യാറായതിനെ നിതിൻ ഗഡ്കരി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Last Updated Mar 11, 2024, 5:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]