തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നഗരസഭാ അധികൃതർ അടപ്പിച്ച സ്പായുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എംപി.
ഷൈൻ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായത്. വിവാദത്തെത്തുടർന്ന് പ്രതികരിച്ച ഷൈൻ ലാൽ തന്റെ ഭാഗം വ്യക്തമാക്കി.
ലൈസൻസ് പിതാവിന്റെ പേരിലാണെന്നത് സത്യമാണ്. എന്നാൽ ലാഭകരമല്ലാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് തന്നെ മറ്റൊരാൾക്ക് സ്ഥാപനം കൈമാറിയിരുന്നു.
ലൈസൻസ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. പാർട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാൽ സൈബർ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലം കാത്തിരുന്നിട്ടാണ് ലൈസൻസ് ലഭിച്ചത്. എന്നാൽ നടത്തിപ്പ് ലാഭകരമല്ലാതായതോടെ ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ സ്പാ അടപ്പിച്ചത്. പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായതോടെ ബിജെപി സംസ്ഥാന നേതൃത്വം ഷൈൻ ലാലിനോട് വിവരങ്ങൾ തേടിയതായാണ് സൂചന.
സ്റ്റാച്യുവിലെ ‘സ്പർശൻ വെൽനെസ്’ സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തിയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ കണ്ടെത്തിയത. 23 കാരിയുടെ പരാതിയിലായിരുന്നു നടപടി.
പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചു. വലിയ നിയമലംഘനമാണ് ഈ സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.
ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പൂട്ടി. തിരുവനന്തപുരം മേയർ വി.വി.രാജേഷിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പിന്നാലെ പൊലീസും സ്ഥലത്തെത്തി. പരിശോധനയിൽ കേന്ദ്രത്തിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി.
ഈ വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി പൂട്ടി. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.
യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു. അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും അനധികൃത സ്പാ കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

