![](https://newskerala.net/wp-content/uploads/2025/02/gettyimages-2183903179_1200x630xt-1024x538.jpg)
അഹമ്മദാബാദ്: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്ക്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പരിക്കുമൂലം വരുണ്‍ ചക്രവര്‍ത്തി കളിച്ചിരുന്നില്ല. ഇന്നലെയാണ് യശസ്വി ജയ്സ്വാളിന്റെ പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്തിയത്. പിന്നാലെ പരിക്കേറ്റ് കളിക്കാൻ കഴിയാതിരുന്നത് ഇന്ത്യക്ക് ആശങ്കയായി.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തിയ വരുണിനെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലായിരുന്നു ആദ്യം ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ വരുണ്‍ ഏകദിന അരങ്ങേറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ശേഷം ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ കാര്യം പറഞ്ഞപ്പോഴാഴാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരുണിന് കാല്‍വണ്ണയില്‍ പരിക്കേറ്റതിനാലാണ് ഇന്നത്തെ മത്സരത്തില്‍ കളിക്കാതിരിക്കുന്നതെന്ന് വ്യക്തമാക്കിയത്. പരിക്ക് സാരമുള്ളതാണോ എന്ന കാര്യം രോഹിത് വ്യക്തമാക്കിയില്ല.
രവീന്ദ്ര ജഡേജക്കും മുഹമ്മദ് ഷമിക്കും ഇന്ന് വിശ്രമം അനുവദിച്ചപ്പോള്‍ വരുണിന് പരിക്കേറ്റതിനാല്‍ പകരം കുല്‍ദീദ് യാദവിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ കളിച്ച കുല്‍ദീപിനെ മാറ്റിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തില്‍ വരുണിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. രണ്ടാം ഏകദിനത്തില്‍ വരുണ്‍ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. ഇന്ന് വരുണിന് പകരം കളിച്ച കുല്‍ദീപ് എട്ടോവറില്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
നേരത്തെ ജസ്പ്രീത് ബുമ്രയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയേറ്റ പരിക്ക് ബേദമാകാത്തതിനാല് ഒഴിവാക്കുകയായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെത്തി. ചാമ്പ്യൻസ് ട്രോഫി ടീമിലെ റിസര്‍വ് ഓപ്പണറായിരുന്ന യശസ്വി ജയ്സ്വാളിന് പകരമാണ് വരുണിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തീയതി കഴിഞ്ഞതിനാല്‍ പരിക്കേറ്റ കളിക്കാരന് പകരക്കാരനെ പ്രഖ്യാപിക്കമെങ്കില് ഇനി ഐസിസിയടെ പ്രത്യേക അനുമതി തേടേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]