![](https://newskerala.net/wp-content/uploads/2025/02/1739364385_fotojet-2-_1200x630xt-1024x538.jpg)
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെ തുടർന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്. അമ്മയെ അച്ഛൻ മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയിൽ അസ്വഭാവികമരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ചേർത്തല മുട്ടം സ്വദേശിയായ വിസി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ ആയതിനാൽ പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വീടിനകത്ത് കോണിപ്പടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകൾ ഡോക്ടർമാരോട് പറഞ്ഞത്. ചികിൽസയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് ചേർത്തല പോലീസിൽ പരാതി നൽകി. തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതിനാൽ സജിയുടെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം കല്ലറയിൽ നിന്നു പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടക്കരപ്പള്ളിയിൽ പാത്രക്കട നടത്തുകയാണ് സോണി. വിദേശത്തായിരുന്ന സജി ഏതാനും വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മിൽ കുറച്ചു നാളുകളായി കുടുംബ പ്രശ്നങ്ങളുണ്ടെന്ന് പരാതിയിൽ ഉണ്ട്. സോണി പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൊലപാതം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തു എന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]