അമരാവതി: മകനും നടനുമായ രാം ചരണിന് മകൻ ജനിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന നടൻ ചീരഞ്ജീവിയുടെ വാക്കുകളിൽ വിമർശനമുയർത്തി സോഷ്യൽ മീഡിയ. ‘ബ്രഹ്മ ആനന്ദം’ എന്ന സിനിമയുടെ പ്രി-റിലീസ് ചടങ്ങിൽ ചിരഞ്ജീവിയായിരുന്നു മുഖ്യാതിഥി. ചടങ്ങിൽ സംസാരിക്കവേ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
‘വീട്ടിലായിരിക്കുമ്പോൾ പെൺകുട്ടികളായ പേരക്കുട്ടികൾക്ക് ചുറ്റുമാണെന്നല്ല മറിച്ച്, ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ എന്ന പോലെയാണ് തോന്നാറുള്ളത്. എപ്പോഴും ചരണിനോട് പറയുകയും ആഗ്രഹിക്കുകയും ചെയ്യാറുണ്ട്, അടുത്ത തവണയെങ്കിലും ഒരു ആൺകുട്ടിയെ ജനിപ്പിക്കണമെന്ന്. എന്നാലേ നമ്മുടെ പരമ്പര മുന്നോട്ടു പോവുകയുള്ളൂ. എന്നാൽ അവന് കണ്ണിലെ കൃഷ്ണമണി പോലെയാണ് സ്വന്തം മകൾ. അവന് വീണ്ടും ഒരു പെൺകുട്ടി തന്നെ ജനിക്കുമോയെന്ന പേടിയാണെനിക്ക്’- എന്നായിരുന്നു ചടങ്ങിൽ താരം പറഞ്ഞത്.
ചിരഞ്ജീവിക്ക് രാം ചരണിന് പുറമെ രണ്ട് പെൺമക്കളാണുള്ളത്. ഇരുവർക്കും രണ്ട് പെൺമക്കൾ വീതമുണ്ട്. 2023 ജൂണിലാണ് രാം ചരണും ഭാര്യ ഉപാസനയും പെൺകുഞ്ഞിനെ വരവേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ആൺ കുട്ടിയോടുള്ള ചിരഞ്ജീവിയുടെ താത്പര്യത്തിൽ വലിയ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഉയരുന്നത്. 2025ലും ഈയൊരു പ്രശ്നം നിലനിൽക്കുന്നുവെന്നാണ് നടന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിയെപ്പോലെയുള്ള ഒരാൾ കാലഹരണപ്പെട്ട ലിംഗപരമായ പക്ഷപാതം നിലനിർത്തുന്നുവെന്നത് നിരാശാജനകമാണ്. പുരുഷ അവകാശിയോടുള്ള അമിതമായ അഭിനിവേശം നിരാശാജനകം മാത്രമല്ല, അടിയന്തരമായി മാറ്റം ആവശ്യമുള്ള ഒരു സാമൂഹിക മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയാണെന്നും ചിലർ കുറിച്ചു. പൊതുമദ്ധ്യത്തിൽ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരാൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപഭോക്താവ് ചൂണ്ടിക്കാട്ടി.