![](https://newskerala.net/wp-content/uploads/2025/02/jackfruit.1.3135570.jpg)
കൽപ്പറ്റ: വീട്ടുമുറ്റത്തോ വഴിയിലോ കാട്ടാനയോ പുലിയോ കടുവയോ നിൽപ്പുണ്ടാകും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പേടി. ജോലിക്ക് പോകാനാകുന്നില്ല. കുട്ടികൾക്ക് സ്കൂളിലും. വന്യമൃഗ ഭീതിയിലാണ് വയനാട്ടിലെ മലയോര ജനത. എപ്പോഴാണ് ആക്രമണം ഉണ്ടാകുക എന്നറിയില്ല. ജീവൻ കൈയിൽ പിടിച്ചാണ് ജീവിതം. കാട്ടാന ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിൽ വിലപ്പെട്ട ജീവനുകൾ പൊലിയുമ്പോൾ അധികൃതരെത്തും. നഷ്ടപരിഹാരം വാഗ്ദാനം ചെയ്യും. വൈദ്യുതി വേലി കെട്ടാമെന്ന് ഉറപ്പുനൽകും. അതിൽ തീർന്നു. ശാശ്വത പരിഹാരം ഇപ്പോഴും അകലെ.
ബേലൂർമഖ്ന എന്ന കാട്ടാന പടമല പനച്ചിയിൽ അജീഷിനെ ഓടിച്ച് മറ്റൊരാളുടെ വീട്ടുമുറ്റത്തിട്ട് ചവിട്ടി കൊലപ്പെടുത്തിയത് കഴിഞ്ഞവർഷം. അജീഷിന്റെ മരണം നടന്ന് ഒരുകൊല്ലം തികഞ്ഞ ഇന്നലെ സംസ്ഥാന അതിർത്തിയായ നരിക്കൊല്ലിയിൽ ഗോത്രയുവാവ് മനു (46) മറ്റൊരു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അതിരാവിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കുപോയ പഞ്ചാരക്കൊല്ലി തരാട്ട് രാധയെ ഏതാനും ദിവസം മുമ്പാണ് കടുവ കൊന്നു തിന്നത്. വയനാട്ടിൽ ഇതുപോലെ എത്രയെത്ര സംഭവങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നുപേരെയാണ് സംസ്ഥാനത്ത് വന്യമൃഗങ്ങൾ കൊലപ്പെടുത്തിയത്. ഇരകളുടെ കുടുംബങ്ങൾക്ക് നൽകുന്ന വാഗ്ദാനവും പൂർണമായി പാലിക്കപ്പെടുന്നില്ല. ബേലൂർ മഖ്ന കൊലപ്പെടുത്തിയ അജീഷിന്റെ ഭാര്യ ഷീബയ്ക്ക് സ്ഥിരം ജോലി നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 40 ലക്ഷം കൂടി നഷ്ടപരിഹാരമായി നൽകണമെന്ന ശുപാർശയിലും നടപടിയായില്ല.
ഫലവൃക്ഷ പദ്ധതി തഥൈവ
1.അക്കേഷ്യ അടക്കം അധിനിവേശ സസ്യങ്ങളുടെ അടിയിൽ മറ്റ് സസ്യങ്ങൾ വളരില്ല. ജലക്ഷാമം കൂട്ടും. തീറ്റയും വെള്ളവും കുറയുമ്പോൾ മൃഗങ്ങൾ കാടിറങ്ങും
2.പ്ളാവ് അടക്കം ഫലവൃക്ഷങ്ങൾ വനങ്ങളിൽ നട്ടുപിടിപ്പിക്കുകയാണ് പോംവഴി. ജലലഭ്യതയും ഉറപ്പാക്കണം. ഇതിനെല്ലാം പദ്ധതികൾ തയ്യാറാക്കാറുണ്ടെങ്കിലും കടലാസിൽ ഒതുങ്ങുന്നു
പ്ളാവുകൾ വെട്ടിമാറ്റി
നടവയലിലെ ചിരിയങ്കണ്ടത്ത് ലിജോ തോട്ടത്തിൽ കായ്ച്ചു നിൽക്കുന്ന പ്ളാവുകൾ വെട്ടിമാറ്റി. കേണിച്ചിറ എടക്കാട് പുല്ലാട്ട് സെബാസ്റ്റ്യൻ ചക്കകൾ മുഴുവൻ അടർത്തി മാറ്റി. ഇവ തിന്നാൻ കാട്ടാനകൾ വരുന്നത് തടയാനാണിത്.