
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രസിദ്ധവും ആകർഷകവുമായ കായലാണ് കവ്വായി. കവ്വായി പുഴയും കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്ന കവ്വായി കായൽ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ജലാശയമാണ്. വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കാൻ പറ്റിയൊരിടമാണ് ഇതെന്ന് തന്നെ പറയാം.
കണ്ടൽകാടുകൾക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുനിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. കവ്വായി, വലിയപറമ്പ്, പടന്നക്കടപ്പുറം, വടക്കേക്കാട്, കൊക്കല്‍, ഇടയിലക്കാട്, മാടക്കല്‍, കന്നുവീട്, കവ്വായിക്കടപ്പുറം, ഉടുമ്പന്തല, കൊച്ചന്, വടക്കുമ്പാട് തുടങ്ങിയവയാണ് കവ്വായി കായലിലുള്ള പ്രധാന ദ്വീപുകള്‍.
കവ്വായിയിലെത്തുന്ന സഞ്ചാരികള്‍ക്കായി ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദർശിക്കാൻ ബോട്ട് സർവ്വീസും കയാക്കിങ് സൗകര്യങ്ങളും ഇവിടെയുണ്ട്. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും കണ്ണിനും മനസ്സിനും കുളിർമ്മയേകും. പയ്യന്നൂരിലെ കൊറ്റിക്കടവിൽ നിന്നും പടന്ന വരെയുള്ള ബോട്ട് യാത്രയാണ് കവ്വായി കായലിന്റെ സൗന്ദര്യം കാണാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
കവ്വായി കായൽ അപൂർവയിനം ദേശാടന പക്ഷികളുടെ താവളത്തിനും പേരുകേട്ടയിടമാണ്. കൂടാതെ അപൂർവയിനം കണ്ടൽ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ്. കടലോരത്തിന് സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്ററാണ് കായലിന്റെ വിസ്തൃതി.
എങ്ങനെ എത്താം
റോഡ് മാര്‍ഗം വരുന്നവര്‍ക്ക് പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് 7 കിലോമീറ്ററിനടുത്ത് സഞ്ചരിച്ച് കവ്വായിയിലെത്താം.
അടുത്തുളള റെയിൽവേ സ്റ്റേഷൻ : പയ്യന്നൂർ, 3 കി. മീ.
വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 154 കി. മീ.
READ MORE: സ്രാവിന്റെ കൂടെ നീന്തിത്തുടിക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സംഭവം സിമ്പിൾ; പോകാം മാലിദ്വീപിലേയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]