
മലയാള സിനിമയിലെ ഹിറ്റ് സംവിധായക നടൻ ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘റമ്പാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരം പുറത്തുവരികയാണ്.
റമ്പാന്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കാൻ പോകുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റുകളുടെ വിവരം പ്രകാരം ജൂണിൽ ആകും ജോഷി- മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുക. ഇതിനിടയിൽ ബിഗ് ബോസ് വരുന്നുണ്ട്. ഷോ കഴിഞ്ഞതിന് ശേഷമാകാം ഒരുപക്ഷേ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക. എമ്പുരാൻ, വൃഷഭ എന്നിവയുടെ ഷൂട്ടും അണിയറയിൽ നടക്കുന്നുണ്ട്.
2023 ഒക്ടോബർ 30ന് ആയിരുന്നു ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ജോഷി-മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത്. നടൻ ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് വിവരം. കയ്യിൽ തോക്കും ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന മോഹൻലാലിന് ഒപ്പമുള്ള ടൈറ്റിൽ പോസ്റ്റർ ഏറെ വൈറൽ ആയിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2025 വിഷു റിലീസ് ആയി എത്തുമെന്നാണ് വിവരം. വിദേശത്തടക്കം ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ ആണ്.
അതേസമയം, മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ചിൽ തിയറ്ററിൽ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]