
ബെൽഗാവി: 36-കാരിയായ ഗര്‍ഭിണിക്ക് അപൂര്‍വങ്ങളിൽ അപൂര്‍വമായ ഹൃദ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ട്രിപ്പിൾ ബൈപാസ് അല്ലെങ്കിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ലോകത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
ചീഫ് കാർഡിയാക് സർജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗർഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടൽ ആർട്ടീരിയൽ ട്രിപ്പിൾ വെസൽ കൊറോണറി ബൈപാസ് സർജറി നടത്തിയത്. ജനുവരി ഒന്നിനാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവര്‍ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അവൾ ഇപ്പോൾ പ്രശ്നങ്ങളില്ലാതെ പ്രസവത്തിനായി കാത്തിരിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ ആണിത്. മറ്റെവിടെയെങ്കിലും അപൂര്‍വമായി മാത്രമേ ഇത് ചെയ്യാറുള്ളൂ. ഞങ്ങളുടെ വിദഗ്ധര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തുവെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. അസാധാരണമായ ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയെ സമീപിച്ചത്. അവര്‍ക്ക് കാൽസിഫൈഡ് ട്രിപ്പിൾ വെസൽ, 700 എംജിയിൽ കൂടുതൽ കൊളസ്ട്രോൾ ഉള്ള ഹൈപ്പർ കൊളസ്ട്രോളീമിയ എന്നീ രോഗങ്ങളായി ബുദ്ധിമുട്ടുന്നുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.
ഇത്തരം രോഗികളിൽ, അയോർട്ട ഒന്നിലധികം കൊളസ്ട്രോൾ നിക്ഷേപങ്ങളാൽ കട്ടിയുള്ളതാവുകുയം, ഇത് പരമ്പരാഗത CABG ഏതാണ്ട് അസാധ്യമാക്കുന്നു. റേഡിയേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കാരണം കൊറോണറി ആൻജിയോപ്ലാസ്റ്റി പ്രായോഗികമല്ലെന്നും ശസ്ത്രക്രിയാ വിദഗ്ധർ വിധിച്ചു. ഒടുവിൽ മൂന്ന് ഗ്രാഫ്റ്റുകൾക്കായി LIMA-RIMA Y ടെക്നിക് ഉപയോഗിച്ച് ടീം ടോട്ടൽ ആർട്ടീരിയൽ റിവാസ്കുലറൈസേഷൻ തീരുമാനിക്കുകയായിരുന്നു. അമൃത് നെർലിക്കർ, അഭിഷേക് ജോഷി, നിഖിൽ ദീക്ഷിത്, പ്രശാന്ത് എംബി, അവിനാഷ് ലോന്ദെ, സൗഭാഗ്യ ഭട്ട് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍.
അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യവും ഗര്‍ഭാശയത്തിനുണ്ടാകുന്ന അപകടസാധ്യതകളും വെല്ലുവിളിയായിരുന്നുവെന്ന് ഡോ. ദീക്ഷിത് പറഞ്ഞു. ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മരുന്നുകൾ എന്നിവയുടെ തെരഞ്ഞെടുപ്പും പരിമിതമായിരുന്നു. ശസ്ത്രക്രിയാ സമയവും പ്രധാനമായിരുന്നു. എന്നിരുന്നാലും, സംഘം ഇതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുകയും സ്ത്രീയുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രി മാനേജ്മെന്റ് സംഘത്തെ അഭിനന്ദിച്ചു.
Last Updated Jan 11, 2024, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]