
തിരുവനന്തപുരം: ക്ഷേത്രത്തിൽ ഓട് പൊളിച്ച് കടന്ന് വിളക്ക് തെളിയിച്ചു, വലിയ ഭക്തിയാണെന്ന് ചിന്തിക്കാൻ വരട്ടെ. കക്ഷിയെ അറിയാൻ ബാക്കി കൂടി അറിയണം. വിളക്ക് തെളിയിച്ച ശേഷം ക്ഷേത്രത്തിൽ മോഷണമാണ് ഇദ്ദേഹത്തിന്റെ പണി. വ്യത്യസ്തമായി മോഷണം നടത്തിയ കേസിലെ പ്രതി മൂന്നു മാസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കൊല്ലം തങ്കശ്ശേരി സ്വദേശി ജോയിയെ ആണ് പൊലീസ് പിടികൂടിയത്.
മറ്റൊരു കേസിൽ തിരുവനന്തപുരത്ത് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് മോഷണ കേസിലും പ്രതിയാണെന്ന് അറിയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ ആറിന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം വർക്കല പനയറ തൃപ്പോരിട്ട ക്ഷേത്രത്തിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് തകർത്ത് കയറിയ പ്രതി കാണിക്ക വഞ്ചികളിലെ പണമാണ് മോഷ്ടിച്ചത്. വിളക്ക് കത്തിച്ച ശേഷമാണ് പ്രതി മോഷണം നടത്തിയത്.
പണം എടുത്തതിനുശേഷം കാണിക്ക വഞ്ചികൾ ക്ഷേത്ര കോമ്പൗണ്ടിൽ തന്നെ ഉപേക്ഷിക്കുന്നതായിരുന്നു രീതി. സിസിടിവി ക്യാമറകളാണ് കള്ളനെ കുടുക്കിയത്. പ്രതിയെ അന്വേഷിച്ച് ചെന്ന പൊലീസ് അന്വേഷണം ചെന്നെത്തിയത് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു പ്രതി.
അവിടെ നിന്ന് വർക്കല അയിരൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. ജോയ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തുടർന്ന് വർക്കല കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ തിരിച്ചെത്തിച്ചു.
അതേസമയം, കന്യാകുമാരി ജില്ലയില്‍ മോഷണം പോയ 303 മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരികെ നല്‍കിയെന്ന് എസ്പി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളാണ് കന്യാകുമാരി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറിയത്. നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ 303 മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. മൊബെെൽ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
Last Updated Jan 12, 2024, 12:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]