
ഹേഗ് /ഗാസ- എല്ലാ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെയും തള്ളിക്കളഞ്ഞ് ഗാസയില്‍ കൂട്ടക്കൊല തുടരുന്ന ഇസ്രായിലിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വംശഹത്യാ കേസില്‍ വാദം തുടങ്ങി. യു.എന്‍ അംഗീകരിച്ച 1948ലെ ജെനോസൈഡ് കണ്‍വെന്‍ഷനിലെ വ്യവസ്ഥകളെല്ലാം ഇസ്രായില്‍ ലംഘിച്ചിരിക്കുകയാണെന്ന് കേസ് ഫയല്‍ ചെയ്ത ദക്ഷിണാഫ്രിക്ക കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.
ഇസ്രായിലിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന 84 പേജുകളുള്ള തെളിവുകളും ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര കോടതി മുമ്പാകെ ഹാജരാക്കി.
ഹിറ്റ്ലറുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ നടന്ന ജൂത വംശഹത്യയായ ഹോളോകോസ്റ്റിനെ തുടര്‍ന്ന് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജെനോസൈഡ് കണ്വെന്ഷന് രൂപം നല്‍കിയത്.
ആ കണ്‍വെന്‍ഷന്റെ രണ്ടാം വകുപ്പിനെ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രായില്‍ ഗാസയിലെ പലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാഷിം കോടതിയില്‍ പറഞ്ഞു. ഓരോ ആഴ്ചയിലും ആറായിരം ബോംബുകളാണ് ഇസ്രായില്‍ വര്‍ഷിക്കുന്നത്. ഒരാളെയും ഒഴിവാക്കുന്നില്ല, പിഞ്ചുകുഞ്ഞുങ്ങളെ പോലും. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണെന്ന് പറഞ്ഞത് യു.എന്‍ മേധാവികള്‍ തന്നെയാണെന്നും ആദില ഹാഷിം ചൂണ്ടിക്കാട്ടി. ഈ കോടതിയില്‍നിന്നുള്ള ഉത്തരവല്ലാതെ മറ്റൊന്നിനും അവര്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്താനാവില്ല. അടിയന്തിരമായി സൈനിക നടപടി അവസാനിപ്പിക്കാന്‍ ഇസ്രായിലിനോട് ഐ.സി.ജെ ആവശ്യപ്പെടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. കോടതിയില്‍ വാദം നടക്കവേ കോടതിക്ക് പുറത്ത് ഇസ്രായില്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. ഗാസയിലെ ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തുന്നത് തുടരുന്നതിനാലാണ് തങ്ങള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളിയാഴ്ചയാണ് ഇസ്രായില്‍ എതിര്‍വാദം നടത്തുക. ഇസ്രായിലിനെതിരായ ആരോപണങ്ങള്‍ മുഴുവന്‍ കാപട്യങ്ങളും കളവും നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഞങ്ങള്‍ പൊരുതുന്നത് ഭീകരന്മാര്ക്കും, നുണകള്ക്കുമെതിരെയാണ്. എന്നാല്‍ വംശഹത്യക്കെതിരെ പൊരുതുന്ന ഇസ്രായിലിന് മേല്‍ വംശഹത്യ ആരോപിക്കുകയാണ് ഏകപക്ഷീയമായ ഈ ലോകം. ഗാസയിയില്‍ ഇസ്രായില്‍ വംശഹത്യ നടത്തുന്നുവെന്ന് വാദിക്കാന്‍ തലകീഴായ ഒരു ലോകത്തിനുമാത്രമേ സാധിക്കൂവെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രായില്‍ സൈന്യം ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ് 24 മണിക്കൂറിനിടെ മാത്രം 112 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 194 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇപ്പോഴത്തെ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 23,469 കവിഞ്ഞു. പരിക്കേറ്റവര്‍ 59,604 ആയി. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടിടകളുമാണ്.
ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ പാടെ തകര്‍ന്നു. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് 5000 ആശുപത്രി കിടക്കകള്‍ ആവശ്യമായിരിക്കെ, ഇതിന്റെ അഞ്ചിലൊന്ന് മാത്രമേ ഇപ്പോഴുള്ളുവെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുയാറിക് പറഞ്ഞു. ഈ യുദ്ധത്തില്‍ ദിവസം 250 പേരെന്ന നിലയിലാണ് ഗാസയില്‍ ഇസ്രായില്‍ കൂട്ടക്കൊല നടത്തിയതെന്നും, ഇത് 21ാം നൂറ്റാണ്ടിലെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായയ ഓക്സ്ഫാം വെളിപ്പെടുത്തി.
അതിനിടെ, യുദ്ധം വ്യാപിക്കാനിടയുണ്ടെന്ന് സൂചന നല്കി അമേരിക്കയുടെ എണ്ണക്കപ്പല്‍ ഒമാന്‍ കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്തു. ഇറാഖില്‍നിന്ന് തുര്‍ക്കിയിലേക്ക് ക്രൂഡോയിലുമായി പോയ ടാങ്കറാണ് പിടിച്ചെടുത്തതെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇറാന്റെ എണ്ണക്കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിന് പകരമാണിതെന്ന് ഇറാന് അവകാശപ്പെട്ടു.
എന്നാല്‍ ഇപ്പോഴത്തെ യുദ്ധം വ്യാപിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കയ്റോയില്‍ പറഞ്ഞു. ഇസ്രായിലോ, ലെബനോനോ, ഹിസ്ബുല്ല പോലുമോ അതാഗ്രഹിക്കുന്നില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സിസിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലെബനോനില്‍നിന്ന് ഇസ്രായിലിലേക്ക് ബോംബാക്രമണം നടത്തിയതായി ഹിസ്ബുല്ല വെളിപ്പെടുത്തി.