
ആലപ്പുഴ: അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും ആർഎസ് എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി പറഞ്ഞു. ആർ.എസ്.എസ് പ്രാദേശിക നേതാവ് എ.ആർ.മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.
‘വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്. സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണം. ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോക നന്മയ്ക്കായി പ്രാത്ഥിക്കണം’- വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ചും എൻഎസ്എസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കോൺഗ്രസിന്റെ പേര് പറയാതെയാണ് വിമർശനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം ഉചിതവും അങ്ങേയറ്റം സ്വാഗതാര്‍ഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്നും വി.എം.സുധീരൻ പറഞ്ഞു. ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് തീരുമാനം.
Last Updated Jan 11, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]