
കൊച്ചി: കൊച്ചിയിൽ വീണ്ടും ലഹരിവേട്ട. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 42 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് പശ്ചിമ ബംഗാൾ സ്വദേശികളായ 6 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നിന്നാണ് 36 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ നാലുപേർ പിടിയിലായത്. സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്നും നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കേരളത്തിൽ വലിയ വിലയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം.മജു, എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജ് എന്നിവരുടെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പ്രവന്റീവ് ഓഫീസർമാരായ ബസന്തകുമാർ, പ്രതീഷ്, ശ്രീകുമാർ, സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
മറ്റൊരു കേസിൽ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജും പാർട്ടിയും ചേർന്ന് ചെങ്ങമനാട് അത്താണിയിൽ നിന്നുമാണ് 7 കിലോഗ്രാം കഞ്ചാവുമായി അജിബുൽ മുല്ല (23), സാഗർ (18) എന്നിവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബസന്ത് കുമാർ, ടി.എസ്.പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജോ വർഗീസ്, ശ്രീജിത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലത, എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]