
സിഡ്നി: ഗാർഹിക പീഡനവും ദമ്പതികൾക്കിടയിലെ കലഹവും പതിവ്. 62കാരനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച 53കാരിക്ക് ജാമ്യം നിഷേധിച്ച് കോടതി. കൊലപാതകത്തിന് ഒരു വർഷത്തിന് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ 53കാരി നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ക്രൂരമായ സംഭവം പുറത്ത് വന്നത്. നിർമീൻ നൌഫൽ എന്ന 53കാരിയാണ് ഭർത്താവായ മാംദൂദ് എമാദ് നൌഫലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കളാണ് ഇവർക്കുള്ളത്.
62കാരനായ മാംദൂദ് എമാദ് നൌഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതലാണ് കാണാതായത്. സിഡ്നിക്ക് സമീപത്തുള്ള ബർവൂഡ് ലോക്കൽ കോടതിയാണ് 53കാരിക്ക് ജാമ്യം നിഷേധിച്ചത്. ഗ്രീനാകേറിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് 63കാരനെ ഭാര്യ കൊലപ്പെടുത്തിയത്. വർഷങ്ങളായി നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറു കഷ്ണങ്ങളാക്കി മുറിച്ച ശേഷം ഗാർബേജ് സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന് സമീപത്തുള്ള ബെക്സ്ലി, ചുല്ലോറ മേഖലയിൽ ഉപേക്ഷിക്കുകയാണ് 53കാരി ചെയ്തത്.
തിരികെ വീട്ടിലെത്തി ആസിഡ് അടക്കമുള്ളവ ഒഴിച്ച് വീടിന്റെ തറ വൃത്തിയാക്കുകയും പിന്നീട് വീടിന്റെ ടൈലുകൾ അടക്കമുള്ളവ ഇവർ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ സമൂഹ മാധ്യമ അക്കൌണ്ടുകൾ 62കാരന്റെ ഫോണിലൂടെ നിയന്ത്രിക്കുകയും ഇവർ ചെയ്തിരുന്നു. ഇതിലൂടെ 62കാരൻ ജീവിച്ചിരിക്കുന്നതായുള്ള പ്രതീതിയും ഭാര്യ സൃഷ്ടിച്ചിരുന്നു. സമൂഹമാധ്യമ അക്കൌണ്ടുകളിലൂടെ ഇയാളുടെ പങ്കാളിയായിരുന്ന ഈജിപ്തുകാരിയോട് നേരത്തെ നൽകിയിരുന്ന പണമടക്കം 53കാരി തിരികെ ആവശ്യപ്പെട്ടിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഇവരുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പൊലീസ് ഇവരെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷി മൊഴിയും നൽകിയിരുന്നു. ഗാർഹിക പീഡനവും വിശ്വാസ വഞ്ചനയും പതിവായതിന് പിന്നാലെ വിവാഹ ബന്ധത്തിൽ നിന്ന് രക്ഷപ്പെടാനാണ് 53കാരി കൊലപാതകം ചെയ്തതെന്നാണ് പോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവരെ ഭർത്താവ് പതിവായി മർദ്ദിച്ചിരുന്നതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും കോടതിയിൽ വ്യക്തമായിട്ടുണ്ട്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഈജിപ്തിലേക്ക് പോയ ഭാര്യ ഇവിടെയുണ്ടായിരുന്ന കുടുംബ വീട് അഭിഭാഷകന്റെ സഹായത്തോടെ വിറ്റ ശേഷം ഈ പണവുമായി ഓസ്ട്രേലിയയിലേക്ക് തിരികെ എത്തിയിരുന്നു.
53കാരിക്ക് വിചാരണ നേരിടാൻ ആവശ്യമായ മാനസികാരോഗ്യം ഇല്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസിൽ ഭർത്താവിന്റെ മൃതദേഹ ഭാഗങ്ങൾ ഇനിയും കണ്ടെത്താൻ ആവാത്തതിനാലും യുവതിയുടെ മാനസിക നില പരിഗണിച്ചും വിചാരണ നീട്ടി വച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]