
തൃശൂർ: ചികിത്സാ സഹായം തേടിയെത്തിയ യുവാവിന് വൃക്ക ദാനം ചെയ്ത് യുവാവ്. തൃശൂർ സ്വദേശി ഷൈജു സായ്റാമാണ് ബന്ധുവായ സുമേഷിന് വൃക്ക നൽകാൻ തയ്യാറായത്. തൃശൂർ അന്തിക്കാട് സ്വദേശി സുമേഷിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടിയാണ് ബന്ധുവായ ബേക്കറി ഉടമ ഷൈജുവിന്റെ അടുത്തെത്തിയത്. ശസ്ത്രക്രിയക്ക് സഹായിക്കാൻ കയ്യിൽ പണമില്ലെന്നും ചേരുമെങ്കിൽ എന്റെ വൃക്ക നൽകാമെന്നും ഷൈജു അറിയിച്ചു.
സുമേഷിന് ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഷൈജു തമാശ പറയുകയാണെന്ന് കരുതി. എന്നാൽ ആത്മാർഥമായിട്ട് തന്നെയായിരുന്നു ഷൈജുവിന്റെ വാഗ്ദാനം. ഷൈജു സായ് റാമിന്റെ മനസ്സിൽ തോന്നിയ ചിന്ത സുമേഷിന്റെ കുടുംബത്തിന് തിരികെ നൽകിയത് ജീവിതമാണ്. വൃക്കകൾ തകരാറിലായി ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു സുമേഷ്. ജീവൻ നിലനിർത്തണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തണം. പക്ഷെ പണമില്ല. അങ്ങനെയാണ് പൊതുപ്രവർത്തകനും ബേക്കറി ഉടമയുമായ സായ്റാമിന്റെ അടുത്തേക്ക സഹായം തേടി എത്തുന്നത്.
രണ്ട് വർഷം മുൻപ് നൽകിയ വാക്ക് കഴിഞ്ഞ മാസം സായ് റാം പാലിക്കുകയും ചെയ്തു. 2 വർഷം മുൻപ് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും സുമേഷിന്റെ ആരോഗ്യനില വഷളായത് കാരണം മാറ്റിവെച്ചു. കഴിഞ്ഞ മാസമാണ് വീണ്ടും ശസ്ത്രക്രിയ നടന്നത്. ഷൈജുവിന്റെ തീരുമാനം അറിഞ്ഞപ്പോൾ ആദ്യം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉറച്ച തീരുമാനമാണെന്ന് മനസ്സിലായതോടെ എല്ലാ പിന്തുണയും നൽകി കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു.
ഈ അച്ഛന്റെ മകനായി ജനിച്ചതിൽ അഭിമാനമെന്നാണ് മകൻ സായ് കൃഷ്ണക്ക് പറയാൻ ഉള്ളത്. ശസ്ത്രക്രിയാ ചെലവുകൾക്കും മരുന്നുകൾക്കുമായി സായ്റാമും സുഹൃത്തുക്കളും ചേർന്ന് വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച തുകയും സുമേഷിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]