

First Published Dec 11, 2023, 11:20 AM IST
രാജ്കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാജസ്ഥാനെതിരെ കേരളം ഇറങ്ങിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇല്ലാതെയാണ്. പകരം രോഹന് കുന്നുമ്മലാണ് ടീമിനെ നയിച്ചത്. സതഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന് വിക്കറ്റ് കീപ്പറുമായി. പെട്ടന്ന് സഞ്ജുവിനെന്ത് പറ്റിയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാനെതിരെ സഞ്ജു കളിക്കുമോ എന്നുള്ള കാര്യം നേരത്തെ സംശയമുണ്ടായിരുന്നു. അദ്ദേഹം കളിക്കാതിരിക്കാനുള്ള കാരണവും വ്യക്തം.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജു ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് വേണ്ടിയാണ് സഞ്ജു കേരള ക്യാംപ് വിട്ടത്. 17ന് ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം മത്സരം. കേരളം ഇന്ന് ജയിച്ചാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും സഞ്ജു എത്തില്ല. 13, 14 തിയ്യതികളിലാണ് സെമി ഫൈനല്‍ നടക്കുന്നത്. 17, 19, 21 തിയതികളിലാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങള്‍ നടക്കുന്നത്.
അതിന് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്നുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മത്സരം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു. അതേസമയം, സഞ്ജുവിന്റെ അഭാവം ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. മികച്ച ഫോമിലുമാണ് താരം. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ റെയില്‍വേസിനെതിരെ താരം സെഞ്ചുറി നേടിയിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്ക്കെതിരെ ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ കളിച്ച ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
Last Updated Dec 11, 2023, 11:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]