
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- സൗദിയിൽ തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ട് തൊഴിലുടമ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ ആയിരം റിയാൽ തോതിൽ പിഴ ചുമത്തും. തൊഴിൽ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയിൽ വരുത്തിയ ഭേദഗതികൾ വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്തതിന് നിശ്ചിത ശതമാനത്തിൽ കൂടുതലുള്ള ഓരോ വിദേശ തൊഴിലാളിക്കും ചെറുകിട സ്ഥാപനങ്ങൾക്ക് 2,000 റിയാലും ഇടത്തരം സ്ഥാപനങ്ങൾക്ക് 4,000 റിയാലും വൻകിട സ്ഥാപനങ്ങൾക്ക് 6,000 റിയാലും തോതിൽ പിഴയാണ് ലഭിക്കുക. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് ഓരോ വിദേശിക്കും 2,000 റിയാൽ, 4,000 റിയാൽ, 8,000 റിയാൽ എന്നിങ്ങിനെയാണ് വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുക.
വിസകൾ ലഭിക്കാനും മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താനും വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നതിന് ഓരോ വിസക്കും സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ഓരോ തൊഴിലാളിക്കും 1,000 റിയാൽ, 2,000 റിയാൽ, 3,000 റിയാൽ എന്നിങ്ങിനെ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും. വർക്ക് പെർമിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളിയെ ജോലിക്കു വെക്കുന്ന എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും തൊഴിലാളികളിൽ ഒരാൾക്ക് 10,000 റിയാൽ പിഴയാണ് പരിഷ്കരിച്ച പട്ടികയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രൊഫഷന് വിരുദ്ധമായ ജോലിയിൽ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് 300 റിയാൽ, 500 റിയാൽ, 1,000 റിയാൽ എന്നിങ്ങിനെയും പതിനഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികളെ ജോലിക്കു വെക്കുന്നതിന് 1,000 റിയാൽ, 1,500 റിയാൽ, 2,000 റിയാൽ എന്നിങ്ങിനെയും പിഴ ലഭിക്കും.