
.news-body p a {width: auto;float: none;} ടെൽ അവീവ്: ലെബനനിൽ സെപ്തംബർ മാസത്തിൽ 40 പേരുടെ മരണത്തിനും 3000 പേർക്ക് പരിക്കേൽക്കാനും ഇടയായ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ പേജർ ആക്രമണത്തിന് താനാണ് അനുമതി നൽകിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെർ ദോസ്ത്രി പറഞ്ഞു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു. പ്രതിരോധ വിഭാഗത്തിലെ മുതിർന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പ് വകവയ്ക്കാതെയാണ് താൻ ഈ രണ്ട് തീരുമാനവും എടുത്തതെന്ന് നെതന്യാഹു പറഞ്ഞെന്ന് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
30 മിനിട്ടിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പേജറുകൾ പൊട്ടിത്തെറിച്ച സംഭവം ലെബനനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. നിരവധി ഹിസ്ബുള്ള നേതാക്കൾ മരിച്ചതിനൊപ്പം പലർക്കും ഗുരുതര പരിക്കേൽക്കാനും സ്ഫോടനം കാരണമായി.
സംഭവത്തിൽ ഐക്യരാഷ്ട്ര സഭാ ലേബർ ഏജൻസിക്ക് ലെബനൻ പരാതി നൽകിയിരുന്നു. ഹിസ്ബുള്ള തലവന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാൻ, ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു.
അതേസമയം ഇറാന്റെ അവകാശവാദം ഇസ്രയേൽ തള്ളി. ഇറാന്റെ മിക്ക മിസൈലുകളും തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി അവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]