കോഴിക്കോട് ∙ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രാത്രി കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിലും സംഘർഷം. ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം തൊട്ടടുത്തുള്ള ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ എത്തിയതോടെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രകടനത്തിനു മുന്നിലൂടെ പോയ പൊലീസ് ജീപ്പിനു നേരെ പാഞ്ഞടുത്ത പ്രവർത്തകരെ ടി.സിദ്ദിഖ് എംഎൽഎ അടക്കമുളള നേതാക്കളെത്തിയാണ് അനുനയിപ്പിച്ചത്. റോഡരികിൽ സ്ഥാപിച്ച ബോർഡുകളും മറ്റും തകർത്താണ് യുഡിഎഫ് പ്രവർത്തകർ മാവൂർ റോഡിലേക്ക് പ്രകടനമായി പോയത്.
മാവൂർ റോഡിലും മറ്റും ഗതാഗത തടസ്സമുണ്ടായി. പൊലീസ് വലയം തീർത്തെങ്കിലും പ്രകടനക്കാർ അത് ഭേദിച്ച് നഗരഭാഗത്തേക്ക് പോയി.
റോഡ് നിർമാണത്തിനായി വച്ചിരുന്ന വീപ്പകളും മറ്റും റോഡിലേക്ക് മറിച്ചിട്ടാണ് പ്രവർത്തകർ മുന്നോട്ടു പോയത്.
കോഴിക്കോട് കമ്മിഷണർ ഓഫിസിനു മുന്നിലെത്തിയ പ്രവർത്തകർ പൊലീസിനെതിരെയും സർക്കാരിനെതിരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ സമാധാനിപ്പിച്ചത്.
കമ്മിഷണർ ഓഫിസിനു മുന്നിൽ ധർണ നടത്തിയ ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9.30 ന് കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഐജി ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങലിൽ ശനിയാഴ്ച ആരംഭിക്കാനിരുന്ന കോൺഗ്രസിന്റെ സിറ്റി നേതൃത്വ പരിശീലന ക്യാംപ് ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]