
കോർപ്പറേറ്റ് ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട നിരവധി നിരാശാജനകമായ സംഭവങ്ങളാണ് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് തൊഴിൽ സ്ഥാപനങ്ങൾ അധികം വില കൽപ്പിക്കാത്ത ഈ കാലത്ത് അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സമീപനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ഇന്ത്യൻ കമ്പനി.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ആണ് മാതൃകാപരമായ ഈ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടുന്നത്. 2024 -ലെ വിജയകരമായ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്‘ ബ്രേക്ക് പ്രഖ്യാപിച്ചാണ് മീഷോ ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
ഒക്ടോബർ 26 മുതൽ നവംബർ 3 വരെ, ജീവനക്കാർ വർക്ക് കോളുകൾ, സന്ദേശങ്ങൾ, മീറ്റിംഗുകൾ എന്നിവയിൽ നിന്ന് മുക്തരായിരിക്കും. മീഷോയുടെ ഈ തീരുമാനം സോഷ്യൽ മീഡിയയിൽ, മാറേണ്ടുന്ന തൊഴിൽ സംസ്കാരത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ജീവനക്കാരുടെ വർക്ക് ലൈഫ് ബാലൻസിന് മുൻഗണന നൽകിയതിന് നിരവധിപ്പേർ മീഷോയെ പ്രശംസിച്ചു.
കമ്പനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് അനുസരിച്ച്, ഈ വർഷം കമ്പനി നൽകുന്ന തുടർച്ചയായ നാലാമത്തെ ഇടവേളയാണ് ഇത്. അപ്ഡേറ്റ് പങ്കിട്ടുകൊണ്ട് കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ‘ലാപ്ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാൻഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്ടോബർ 26 മുതൽ നവംബർ 3 വരെയുള്ള ഞങ്ങളുടെ തുടർച്ചയായ നാലാമത്തെ ‘റീസെറ്റ് ആൻ്റ് റീചാർജ്‘ ഇടവേളയിലേക്ക് ഞങ്ങൾ പോകുന്നു”.
വിജയകരമായ വിൽപ്പനയെ തുടർന്ന് ജീവനക്കാർക്കുള്ള പ്രതിഫലമാണ് ഈ ഇടവേളയെന്നും പോസ്റ്റിൽ പറയുന്നുണ്ട്. വരും വർഷങ്ങളിൽ ജീവനക്കാരെ കൂടുതൽ ഊർജ്ജത്തോടെ ജോലി ചെയ്യാൻ ഇത് സഹായിക്കും എന്നും കമ്പനി വക്താക്കൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]