
ഭുവനേശ്വർ: നിരന്തരം മദ്യപിച്ച് സ്കൂളിലെത്തുന്നുവെന്ന പരാതിക്ക് പിന്നാലെ സർക്കാർ സ്കൂൾ അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. ഒഡീഷ ജാജ്പൂരിലുള്ള ധർമശാലയിലെ ഒരു പ്രൈമറി സ്കൂളിലെ പ്രധാന അദ്ധ്യാപകനെതിരെയാണ് നടപടി. മറുപടി നൽകാൻ മൂന്ന് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. കർശന നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പരാതിയുമായി നിരവധി രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്ന ഇയാളെ ഉടൻതന്നെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രധാന അദ്ധ്യാപകന്റെ വൈറലായ വീഡിയോയും മാനേജിംഗ് കമ്മിറ്റിക്ക് മുമ്പാകെ തെളിവായി ഹാജരാക്കിയിരുന്നു. സ്കൂളിന് സമീപത്തുള്ള ഒരു റോഡിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അദ്ധ്യാപകന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രധാന അദ്ധ്യാപകന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ധർമശാല ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഭിജിത്ത് ബാരിക് പറഞ്ഞു.
അദ്ധ്യാപകൻ മദ്യപിച്ച് സ്കൂളിലെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം ജാജ്പൂർ ജില്ലയിൽ തന്നെ സമാനമായ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ഛത്തീസ്ഗഡിലെ ബസ്തറിലുള്ള ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച സംഭവം ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ മദ്യപിച്ച് സ്കൂളിൽ എത്തിയതിന് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള അദ്ധ്യാപികയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]