
.news-body p a {width: auto;float: none;}
ന്യൂഡൽഹി: നീണ്ട വർഷങ്ങൾക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രിവരുന്നു. കാശ്മീരിൽ നിന്ന് വിജയിച്ച സിപിഎം അംഗം മുഹമ്മദ് യൂസുഫ് തരിഗാമി നാഷണൽ കോൺഫറൻസ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. സിപിഎം കേന്ദ്ര നേതൃത്വവുമായി നാഷണൽ കോൺഫറൻസ് ചർച്ച തുടങ്ങി. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തരിഗാമി മന്ത്രിയാവുകയാണെങ്കിൽ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിനൊപ്പം വടക്കേ അറ്റത്തുള്ള കാശ്മീരിലും സിപിഎമ്മിന് മന്ത്രിയുണ്ടാവും.
കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി വിജയിച്ചത്. 1996ലാണ് കുൽഗാമിൽനിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. കാശ്മീരിലെ ഏറ്റവും ശക്തനായ നേതാവായാണ് എഴുപത്തിമൂന്നുകാരനായ തരിഗാമിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അവസരത്തിൽ അദ്ദേഹം മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. സുപ്രീംകോടതിയുടെ അനുമതിയാേടെ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു.
അതിനിടെ, ജമ്മുകാശ്മീരിൽ സർക്കാർ രൂപീകരിക്കാനാെരുങ്ങുന്ന നാഷണൽ കോൺഫറൻസിന് ആത്മവിശ്വാസം നൽകി നാല് സ്വതന്ത്രൻമാരുടെ പിന്തുണ ലഭിച്ചു. ചപ്യാരെ ലാൽ ശർമ്മ (ഇൻഡെർവാൾ), സതീഷ് ശർമ്മ (ഛംബ്), ചൗധരി മുഹമ്മദ് അക്രം (സുരൻകോട്ട്), ഡോ രാമേശ്വർ സിംഗ് (ബാനി) എന്നിവരാണ് പിന്തുണ അറിയിച്ചത്. ഇതോടെ ആറു സീറ്റുകളുള്ള കോൺഗ്രസിന് സർക്കാരിലുള്ള പിടി കുറയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഇനി കോൺഗ്രസ് പിന്തുണയില്ലാതെയും സർക്കാർ രൂപീകരിക്കാം. 90 അംഗ സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നാമനിർദ്ദേശം ചെയ്യുന്ന അഞ്ചു പേരെ കൂടാതെയാണിത്. 42 സീറ്റുകളുള്ള നാഷണൽ കോൺഫറൻസിന് ആറു സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ അനിവാര്യമായിരുന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പായതിനാൽ കോൺഗ്രസ് സർക്കാരിൽ വലിയ ഘടകമല്ലാതായി മാറും. ഒരു സീറ്റുള്ള സി.പി.എമ്മിന്റെ പിന്തുണയുണ്ട്.
ഇന്നലെ ചേർന്ന നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗം ഒമർ അബ്ദുള്ളയെ നേതാവായി തിരഞ്ഞെടുത്തു. കോൺഗ്രസ്, സി.പി.എം, സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണ കത്തുമായി ലെഫ്റ്റന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ഒമർ അറിയിച്ചു.