
കോട്ടയം: ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് പിടിയിൽ. കോട്ടയത്ത് വച്ചാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇപ്പോൾ രാജേഷ് അറസ്റ്റിലായിട്ടുള്ളത്. കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് രാജേഷ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്തതായി സംശയിച്ചാണ് നടപടി. ഓം പ്രകാശിനെ അറിയില്ല എന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് യുവതാരങ്ങൾ പൊലീസിന് നൽകിയിട്ടുള്ള മൊഴി. കൊച്ചിയിലുണ്ടായിരുന്ന ശ്രീനാഥ് ഭാസിക്ക് കഴിഞ്ഞ ദിവസമാണ് പൊലീസ് നോട്ടിസ് നൽകിയത്. ഇന്നലെ രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. 11.40നു ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പം മരട് പൊലീസ് സ്റ്റേഷനിൽ എത്തി.
എറണാകുളം എസിപിയുടെ നേതൃത്വത്തിൽ നാലരമണിക്കൂർ നടനെ ചോദ്യം ചെയ്തു. തനിക്ക് ഓംപ്രകാശിനെ അറിയില്ല എന്നും ലഹരി പാർട്ടി നടന്നിട്ടില്ല എന്നുമാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. മരട് സ്റ്റേഷനിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദ്യോഗസ്ഥർ കൊച്ചി സൗത്ത് സ്റ്റേഷനിലെത്തി. വൈകീട്ട് അഞ്ച് മണിയോടെ ഇവിടെ അന്വേഷണ സംഘത്തിന് മുൻപാകെ പ്രയാഗ മാർട്ടിനും എത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രയാഗ നിഷേധിച്ചിട്ടുണ്ട്.
താൻ ലഹരി ഉപയോഗിച്ചിട്ടില്ല എന്നും സുഹൃത്ത് ബിനു തോമസ് വഴിയാണ് ആ മുറിയിൽ എത്തിയതെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. ബിനു തോമസിനെ നേരത്തെ തന്നെ അറിയാം. ബിനുവുമായയി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും ഭാസി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ലഹരി പാർട്ടി നടന്നതായി സംശയിക്കുന്ന ദിവസം കൊച്ചിയിലെ സപ്ത നക്ഷത്ര ഹോട്ടലിലെ സിസിടിവിയിൽ യുവതാരങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇരുവർക്കുമെതിരെ അന്വേഷണം തുടങ്ങിയത്.
സംഭവ ദിവസം പുലർച്ചെ ഓം പ്രകാശിന്റെ മുറിയിൽ താരങ്ങളെത്തിയെന്ന് സൂചന കിട്ടിയതോടെ ലഹരികേസിലെ റിമാൻഡ് റിപ്പോർട്ടിലടക്കം പൊലീസ് ഇവരെ ഉൾപ്പെടുത്തി. ഈ സമയത്ത് ഇവിടെ എത്തിയതിന്റെ കാരണങ്ങളിൽ താരങ്ങൾ നൽകിയ മൊഴിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. ഹോട്ടൽ മുറിയിലെ ഫോറൻസിക് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പരിശോധനകൾക്കാണ് പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയും പൊലീസ് നിരീക്ഷണത്തിലാക്കി മൊഴിയെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങളിലാണ് കൊച്ചി പൊലീസ്.
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷം തട്ടി, നെയ്യാറ്റിൻകര സ്വദേശികളായ സഹോദരങ്ങളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]