അവരുടെ നിത്യജീവിതം എന്നും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പദപ്രശ്നങ്ങള്‍ക്കിടയിലാണ്. 2005 മുതല്‍ തുടങ്ങിയ കടുത്ത ഉപരോധം, അതുണ്ടാക്കുന്ന ഇല്ലായ്മകളും പ്രതിസന്ധികളും ഭീഷണികളും. എന്നും നേരിടേണ്ടി വരുന്ന ഷെല്‍ ആക്രമണങ്ങള്‍, ഏതുനിമിഷവും അതിര്‍ത്തി കടന്നെത്താവുന്ന മരണത്തെക്കുറിച്ചുള്ള ആധി. ഇതിനൊന്നും ഒരറുതിയും ഇല്ലെന്ന ബോധ്യത്തില്‍, അനുഭവത്തില്‍, ലോകരാഷ്ട്രീയത്തോടുള്ള അവിശ്വാസത്തില്‍, എന്തിനും തയ്യാറായി നില്ക്കുന്നവരാണവര്. സമൃദ്ധിയും സമാധാനവും ഈ മനുഷ്യര്‍ക്കു പറഞ്ഞിട്ടുള്ളതല്ല
ഗാസയ്ക്ക് അടുത്തുള്ള ഇസ്രയേല്‍ അതിര്‍ത്തിയിലെ പാര്‍ട്ടിക്കിടയില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മെയ് നായിം എന്ന 24-കാരിയുടെ സംസ്കാര ചടങ്ങില്‍ വിങ്ങിപ്പൊട്ടുന്ന ഉറ്റവര്‍ (Photo: Amir Levy/Getty Images)
‘ഞങ്ങളെക്കുറിച്ച് ആരും സംസാരിക്കാറില്ല. ഇസ്രയേലി പാസ്പോര്‍ട്ട് സ്വീകരിച്ചതിനാല്‍ ഞങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്നാണു മിക്കവരും വിചാരിക്കുന്നത്. ഒറ്റിക്കൊടുത്തുവെന്നാണ് മിക്ക പലസ്തീനികളും കരുതുന്നത്. ജന്മനാടിനു വേണ്ടിയുള്ള തേട്ടം ഞങ്ങളുടെയുള്ളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ബോംബര്‍ വിമാനങ്ങള്‍ തലയ്ക്കു മീതെ പറക്കുന്നതും, പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതും, കയ്യോ കാലോ അറ്റുപോയി ആശ്രിതരായി ജീവിക്കേണ്ടി വരുന്നതുമൊക്കെ ഞങ്ങള്‍ക്കും നിത്യകാഴ്ചകളാണ്. ഞങ്ങളുടെ രക്തവും സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്നുണ്ട്’
ഈ വാക്കുകള്‍ ദുആയുടേതാണ്. പലസ്തീന്‍കാരിയായ ഫാഷന്‍ ഡിസൈനര്‍. ഇസ്രയേലില്‍ താമസിക്കുന്ന, അവിടെ പെര്‍മിറ്റുള്ള ചുരുക്കം ഫലസ്തീന്‍കാരില്‍ ഒരുവള്‍.
നസ്റത്തില്‍ ജനിച്ച ഈ 28 കാരി ഗാസ പ്രദേശം ഇനിയും കണ്ടിട്ടില്ല. എങ്കിലും ലോകമെമ്പാടുമുള്ള പത്രമാധ്യമങ്ങളേക്കാള്‍ കൃത്യമായി പലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പട്ടിക അവള്‍ക്കറിയാം. ദുആയെപ്പോലുള്ളവര് എണ്ണത്തില്‍ കുറവാണ്. ഗാസയിലോ, ജെനിനിലോ, മറ്റ് ഭാഗങ്ങളിലോ താമസിക്കുന്ന മിക്ക പലസ്തീനികളും ഇസ്രായേല്‍ ഐഡന്റിറ്റിക്ക് കീഴടങ്ങുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഇത് ആത്മാഭിമാനം നിലനിര്‍ത്താനും അന്തസ്സ് നിലനിര്‍ത്താനുമുള്ള പോരാട്ടമാണ്. അതില്‍നിന്നും വ്യത്യസ്തയാണ് ദുആ.
‘പന്ത്രണ്ട് വയസ്സ് മുതല്‍ ഞാനെന്നെ ‘പലസ്തീനിയന്‍-ഇസ്രായേലി’ എന്നാണു വിളിക്കുന്നത്. എന്റെ പല സുഹൃത്തുക്കളും ‘ഇസ്രായേല്‍’ എന്ന വാക്ക് പറയാന്‍ വിസമ്മതിക്കുകയും ‘പലസ്തീന്’ എന്ന് മാത്രം വിളിക്കുകയും ചെയ്യുന്നു. എന്നാല്‍ എനിക്ക് ഇവ രണ്ടും കലര്‍ന്ന എന്തോ ഒന്ന് ആവശ്യമായിരുന്നു.. ഇന്നിപ്പോള്‍ ഹമാസിന്റെ ചെയ്തികള്‍ കാണുമ്പോള്‍ ‘പലസ്തീനി’ എന്ന പറയേണ്ടതില്ല തോന്നുന്നു.’ അറബ് വേരുകളുള്ള 31-കാരന് നുസൈര്‍ പറയുന്നു.
‘എനിക്കിപ്പോള്‍ ഒരു വീടേയുള്ളൂ: ഇസ്രായേല്‍. അവിടെയാണ് എന്റെ കുടുംബം താമസിക്കുന്നത്. അവിടെയാണ് ഞാന്‍ വളര്‍ന്നത്. എന്റെ നിലനില്‍പ്പിനുവേണ്ടി ഇതൊക്കെ നിലനില്ക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇതൊരു പോപ്പുലര്‍ അഭിപ്രായമല്ല എന്നെനിക്കറിയാം’- അവന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എങ്കിലും ഇങ്ങനൊന്നുമല്ലാതെ ജീവിക്കേണ്ട ഒരു ബാല്യത്തിന്റെ സാധ്യത നിഷേധിക്കപ്പെട്ടതിന്റെ നീരസം അവന്റെ വാക്കുകളില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
ഇസ്രയേല്‍ -പലസ്തീന് ചോരക്കഥകളുടെ പ്രളയത്തിലും, നുസൈറിനെ പോലെ ഏതോ കാലങ്ങളിലെ രാഷ്ട്രീയാതിഭാവുകത്വത്തിന്റെ ഭാരം താങ്ങേണ്ടതില്ലെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരും ഉണ്ടായി വരുന്നുണ്ട്. ചരിത്രത്തെ പുറംതള്ളുന്നവരോ വില കുറയ്ക്കുകയോ ചെയ്യുന്നവരല്ല അവര്‍, നിറമുള്ള ജീവിതത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്ന് ചിന്തിക്കുന്ന ജനക്കൂട്ടം.
ഇങ്ങനെ ചിന്തിക്കാനും പറയാനുമുള്ള താല്‍പ്പര്യവും പ്രിവിലേജും സ്വാതന്ത്ര്യവും പക്ഷേ, ഗാസയിലെ മനുഷ്യരില്‍ നമുക്ക് കാണാനാവില്ല. അവരുടെ നിത്യജീവിതം എന്നും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പദപ്രശ്നങ്ങള്‍ക്കിടയിലാണ്. 2005 മുതല്‍ തുടങ്ങിയ കടുത്ത ഉപരോധം, അതുണ്ടാക്കുന്ന ഇല്ലായ്മകളും പ്രതിസന്ധികളും ഭീഷണികളും. എന്നും നേരിടേണ്ടി വരുന്ന ഷെല്‍ ആക്രമണങ്ങള്‍, ഏതുനിമിഷവും അതിര്‍ത്തി കടന്നെത്താവുന്ന മരണത്തെക്കുറിച്ചുള്ള ആധി. ഇതിനൊന്നും ഒരറുതിയും ഇല്ലെന്ന ബോധ്യത്തില്‍, അനുഭവത്തില്‍, ലോകരാഷ്ട്രീയത്തോടുള്ള അവിശ്വാസത്തില്‍, എന്തിനും തയ്യാറായി നില്ക്കുന്നവരാണവര്. സമൃദ്ധിയും സമാധാനവും ഈ മനുഷ്യര്‍ക്കു പറഞ്ഞിട്ടുള്ളതല്ല. 10 -13 വയസ്സ് പ്രായമാകുമ്പോഴേക്കും ചുരുങ്ങിയത് നാല് വലിയ അക്രമങ്ങള്ക്കിരയാവുന്നുണ്ട്, പലസ്തീന് പ്രദേശങ്ങളില്‍ ജീവിക്കുന്ന ഓരോ കുട്ടിയും എന്നാണ് കണക്കുകള്‍. ശരാശരി 18 -20 വയസ്സാവുമ്പോഴേയ്ക്കും അവര്‍ക്ക് സ്വന്തക്കാരെയോ വീടോ നഷ്ടപ്പെടുന്നു. ജീവിക്കാന്‍ േപ്രരിപ്പിക്കുന്ന കാര്യങ്ങളൊന്നും ബാക്കിയില്ല എന്ന വിശ്വസിക്കുന്ന ഈ യുവതലമുറയുടെ ചെറുത്തുനില്‍പ്പിനെ എങ്ങനെയാണ് അധിനിവേശരാഷ്ട്രീയത്തിന്റെ ഭാഷയില്‍ മാത്രം മനസ്സിലാക്കാനാവുക?
ഗാസയിലെ അല്‍ കറാമയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കരികെ ഉറ്റബന്ധുവിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന പലസ്തീന് യുവാവ്. (Photo: Ashraf Amra/Anadolu via Getty Images)
പലസ്തീനികള്‍ക്ക് എതിരെ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് ആധുനിക കാലത്തെ ഹോളോകോസ്റ്റ് ഭീകരതയാണ് എന്ന വാദത്തെ ഈ പശ്ചാത്തലത്തില്‍ വേണം സമീപിക്കാന്‍. അങ്ങനെ വരുമ്പോള്‍, ഇസ്രയേലിനെതിരായി ഹമാസ് ഇക്കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം ‘ഒരു പ്രകോപനവുമില്ലാത്തതാണ്’ എന്ന് പറയാനാവില്ല. 16 വര്‍ഷമായി ഗാസയില്‍ സംഘര്‍ഷം രൂക്ഷമാണ്. പലസ്തീന് ജനസംഖ്യ ഗണ്യമായി കുറയ്ക്കുന്ന വിധത്തില്‍, ദശാബ്ദങ്ങളായി ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഇസ്രായേലിന്റെ കഠിനമായ സൈനിക ഉപരോധം മൂലം ഒറ്റപ്പെട്ടത് 20 ലക്ഷത്തിലധികം ഫലസ്തീനികളാണ്. മരുന്ന്, ഭക്ഷണം, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അവശ്യ വിഭവങ്ങളുടെ ഗുരുതരമായ ക്ഷാമത്തിലാണ് കുറേ കാലങ്ങളായി ഈ മനുഷ്യര്‍ ജീവിച്ചികൊണ്ടിരിക്കുന്നത്.
ഇതെഴുതുമ്പോള്‍, ഗാസയെ തരിപ്പണമാക്കുമെന്ന് ഭീഷണിപ്പെടുത്തി, വൈദ്യുതി വിച്ഛേദിച്ചുകൊണ്ട് ജീവിതം ദുസ്സഹമാക്കുകയാണ് ഇസ്രായേല്‍. ഹമാസിന്റെ അക്രമണത്തിനുള്ള പ്രതികാരമെന്നോണം വ്യോമ, പീരങ്കി ആക്രമണങ്ങളുമായി സൈനിക ജെറ്റുകള്‍ ജനസാന്ദ്രതയുള്ള പാര്‍പ്പിട പരിസരങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.. അമേരിക്ക അതിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഇസ്രായേലിനു വിട്ടുകൊടുക്കുന്നെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാനുള്ള അവസാന മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് അദ്ദേഹം. എന്നാല്‍, പുറത്തേക്കിറങ്ങാന്‍ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വഴിയില്ല. 2001-ല്‍ ഗാസ എയര്‍പോര്‍ട്ട് ഇസ്രായേലി സൈന്യം നശിപ്പിച്ചിരുന്നു. ആറു കര അതിര്‍ത്തികളില്‍ നാലെണ്ണവും അടച്ചിരിക്കുകയാണ്. ഒരെണ്ണം ഇസ്രായേലി പെര്‍മിറ്റുള്ള പലസ്തീനികള്ക്കുള്ളതാണ്. ഈജിപ്തിലേക്ക് കടക്കാനുള്ള ഒരേയൊരു അതിര്‍ത്തി വഴി വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളൂ. പിന്നെയുള്ള ജല, വ്യോമ മാര്‍ഗങ്ങള്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ബാക്കിയുള്ള പ്രദേശങ്ങളൊക്കെ വന്മതിലുകള്ക്കിടയിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓപ്പണ്‍ പ്രിസണ്‍! ഇവിടെ നിന്ന് ഏതു വഴിക്ക് എങ്ങോട്ടാണ് ഈ സിവിലിയന്മാര് കടന്നുപോവുക?
പല കാലങ്ങളില്‍ ഈ സംഘര്‍ഷഭൂമി വിട്ട് മറ്റിടങ്ങളില്‍ വേരുറപ്പിച്ചവരുണ്ട്. അവരുടെ മക്കളും, പേരക്കുട്ടികളും. എണ്‍പതുകളില്‍ ഫലസ്തീന് വിട്ട് ദുബൈയിലേക്ക് കുടിയേറിയ ഖാലിദ് അടുത്തയാഴ്ച വെസ്റ്റ് ബാങ്കിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് പുതിയ അക്രമങ്ങള്‍. ഇനിയെന്ന് പോകാനാവുമെന്നു അറിയില്ല എന്ന് നെടുവീര്‍പ്പിട്ട് പറയുമ്പോഴും, നമ്മളിങ്ങനെയെത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു ആ അറുപതുകാരന്റെ മുഖത്ത്. അന്നേരം, പറഞ്ഞുകേട്ടു മാത്രമറിയുന്ന, സ്വന്തം നാട് കാണാന്‍ ഇസ്രായേലി മണ്ണിലുള്ള ടെല്‍ അവീവ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാലു കുത്തേണ്ടി വരുമെന്ന് അറിയാവുന്നതിനാല്‍, ആ യാത്ര തന്നെ ഉപേക്ഷിച്ചിരിക്കുന്ന പലസ്തീനിയന്‍ പുതുതലമുറയിലെ 19-കാരി മയസാം, ഖാലിദിന്റെ കൈ പിടിച്ചമര്‍ത്തി. ഒന്നുമില്ലെന്നും സ്വതന്ത്രമായ ഒരു ദിനം വരുമെന്നും ഖാലിദ് അവളെ നോക്കി കണ്ണിറുക്കി.
സ്വന്തം പൂര്‍വ്വികരുടെ ഭൂമി കാണാന്‍ ഒരിക്കലും സാധിക്കില്ലെന്നതിന്റെ ഉത്കണ്ഠ മയസാമിന്റെ ഓരോ സംസാരത്തിലും പ്രതിധ്വനിക്കുന്നത് അവളെയറിയുന്നവര്ക്കറിയാം. നാട്ടിലേക്ക് പോവുകയാണെന്ന് ഓരോ തവണ യാത്ര പറയുമ്പോഴും ‘എനിക്ക് പോകാന്‍ നാടില്ലല്ലോ, അത്കൊണ്ട് ഞാന്‍ ലോകം ചുറ്റിക്കറങ്ങുന്നു’ എന്ന് പൊട്ടിച്ചിരിക്കാറുണ്ട് അവളും കൂട്ടുകാരി അബീറും. സ്വന്തം തറവാട്ടുവീടുകളില്‍ ഇസ്രായേലി കുടിയേറ്റക്കാരാണ് താമസക്കാര്‍ എന്നുള്ളതിനാല്‍ ഈ നോണ്‍-റസിഡന്റ് ഫലസ്തീനികള്‍ സ്വന്തം നാട്/വീട് സ്വപ്നങ്ങളെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നട്ടിരിക്കുകയാണ്, മിസൈല്‍ പതിക്കില്ല എന്ന ഉറപ്പില്‍ ഉറങ്ങാനും വെടിമരുന്നിന്റെ മണമില്ലാതെ ശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി..
ഇതെങ്ങോട്ട്…?
സൗദിയും ഇസ്രയേലും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി, പലസ്തീന് വിഷയത്തെ മാറ്റിനിര്‍ത്തണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളായി തുടരുകയായിരുന്നു. സൗദി കൂടി ഇസ്രയേലിനെ അംഗീകരിക്കുകയാണെങ്കില്‍ പലസ്തീന് എന്ന പേരുപോലും ചരിത്രരേഖകളിലേക്ക് ഒതുങ്ങാന്‍ അധികകാലമെടുക്കില്ലെന്ന തോന്നലിലാവണം ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണം. ലോക മുസ്ലിം സമൂഹത്തിന്റെ പിന്തുണയുണ്ടായാല്‍ സൗദി ഈ നീക്കത്തില്‍നിന്ന് പിന്മാറുമെന്ന കണക്കുകൂട്ടലുകളുടെ ഫലം കണ്ടറിയണം. എങ്കിലും ആണവായുധങ്ങള്‍ കൈവശമുള്ള, ഒറ്റ മിസൈല്‍ കൊണ്ട് എല്ലാം നിരപ്പാക്കാന്‍ ശക്തിയുള്ള, ഇസ്രയേലിനെതിരെ നീങ്ങാനുള്ള ഹമാസിന്റെ ധൈര്യം നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നതോന്നല് തന്നെയാണ്.
എന്നാല്‍, ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുന്നതില്‍ ഇസ്രായേല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാന്‍ വഴിയില്ല. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇംഗ്ളണ്ട്, തുടങ്ങി മിക്ക രാജ്യങ്ങളുടെയും നേതാക്കള്‍ ഇസ്രായേലിനു നല്കുന്ന പിന്തുണ ഫലസ്തീനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പെന്നു വേണം കരുതാന്‍.
(പശ്ചിമേഷ്യയില്‍ മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)
Last Updated Oct 11, 2023, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]