കോഴിക്കോട്: സി ഐ എസ് എഫ് അസിസ്റ്റന്റ് കമൻഡന്റ് നവീൻ കസ്റ്റഡിയിലായ കരിപ്പൂർ വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണം കടത്ത് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത് കാർ പാർക്കിംഗ് ഏരിയയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു വാഹനം. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. കാർ പാർക്കിംഗ് ഏരിയയിൽ നമ്പർ ഇല്ലാത്ത വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരെ ചോദ്യം ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരിൽ രണ്ടു പേർ ജിദ്ദയിൽ നിന്നു വന്ന യാത്രക്കാരായിരുന്നു. ഇവരുടെ കയ്യിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന 503 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തിയത്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സി ഐ എസ് എഫ് അസിസ്റ്റന്റ് കമൻഡന്റ് നവീൻ അടക്കമുള്ളവരില്ലേക്ക് നീങ്ങിയതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വിവരിച്ചിട്ടുണ്ട്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പൊലീസ് 503 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. സ്വർണ്ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് വിമാനത്താവളപരിസരത്ത് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. കാർ പാർക്കിംഗ് ഏരിയയിൽ നമ്പർ ഇല്ലാത്ത വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരെ ചോദ്യം ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവരിൽ രണ്ടു പേർ ജിദ്ദയിൽ നിന്നു വന്ന യാത്രക്കാരായിരുന്നു. ഇവരുടെ കയ്യിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന 503 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ സ്വർണ്ണം കൈപ്പറ്റുന്നതിനായി എത്തിച്ചേർന്നതാണെന്നും കണ്ടെത്തി.
സ്വർണ്ണം കൈപ്പറ്റുന്നതിനായി വന്നവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സ്വർണ്ണം കടത്തുന്നതിന് നിരവധി തെളിവുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഒരു ജീവനക്കാരനെ പരിശോധിച്ചതിൽ പോക്കറ്റിൽ നിന്ന് രണ്ടു ഫോണുകളും ഒരു ലക്ഷം രൂപയും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് ഒരു കസ്റ്റംസ് ഓഫീസറുടെ ഈ മാസത്തെ ഡ്യൂട്ടി ചാർട്ട് കണ്ടെത്തി. കൂടാതെ, സി ഐ എസ് എഫിലെ ഒരു അസിസ്റ്റന്റ് കമാൻഡന്റുമായുള്ള വാട്ട്സാപ്പ് ചാറ്റും കണ്ടെത്തി. പണം കൈമാറിയതിന്റെ വിശദവിവരങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. അസിസ്റ്റന്റ് കമാൻഡന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
എല്ലാത്തിനും ഒത്താശ, ഒടുവിൽ കസ്റ്റഡിയിലായി സി ഐ എസ് എഫ് അസിസ്റ്റന്റ് കമൻഡന്റ് നവീൻ
സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്തിരുന്നത് സി ഐ എസ് എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവീനെ കൊണ്ടോട്ടി ഡി വൈ എസ് പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. മലപ്പുറം എസ് പി ഇവിടെയെത്തി നവീനെ ചോദ്യംചെയ്തേക്കും. നേരത്തെ നവീന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Oct 11, 2023, 4:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]