
തിരുവനന്തപുരം: കേരളീയം 2023 പരിപാടിക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ ഫുഡ് വ്ളോഗര്‍മാരുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാന സര്‍ക്കാര്‍ ഫുഡ് വ്ളോഗര്‍മാരെ ഔപചാരികമായി വിളിച്ചുകൂട്ടുന്നത്, ഒരുപക്ഷേ ആദ്യമായിരിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയര്മാന് കൂടിയായ ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുകയാണ്. കേരളത്തിന്റെ പെരുമയും കരുത്തും ലോകത്തെ വിളിച്ചറിയിക്കുന്ന കേരളീയത്തിന്റെ വിജയത്തില്‍ വ്ളോഗര്‍മാരുടെ പങ്കാളിത്തവും ഇടപെടലും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയില്‍ തങ്ങളുടെ ആശയങ്ങളും വ്ളോഗര്‍മാര്‍ പങ്കുവച്ചു. മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് വ്ളോഗര്‍മാര്‍ ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പങ്കുവെച്ചത്. 50 ഓളം വ്ളോഗര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഗോത്രവിഭവങ്ങള്‍ക്ക് വേദിയൊരുക്കുക, മണ്മറയുന്ന വിഭവങ്ങളുടെ ചേരുവകള്‍ രേഖപ്പെടുത്തി വെക്കുക, ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ചേരുവകള്‍ വിതരണം ചെയ്യുന്ന കേരളത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ വ്ളോഗര്‍മാര്‍ പങ്കുവെച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് സാധ്യമായവ ഉടന്‍ നടപ്പാക്കുമെന്ന് ചര്‍ച്ച സമാഹരിച്ചു കൊണ്ട് കേരളീയം ഭക്ഷ്യമേള കമ്മിറ്റി ചെയര്‍മാനായ എ.എ റഹീം എം.പി പറഞ്ഞു.
‘അട്ടപ്പാടി വനസുന്ദരി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെയുള്ള കേരളത്തിന്റെ തനത് വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ തുടക്കമായിരിക്കും കേരളീയത്തിലെ 11 വേദികളില്‍ നടക്കുന്ന വ്യത്യസ്തമായ ഫുഡ് ഫെസ്റ്റ്. മാനവീയം വീഥിയില്‍ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കും. കേരളീയം നടക്കുന്ന എല്ലാ ദിവസവും ഒരു വേദിയില്‍ ഒരു പ്രമുഖ ഫുഡ് വ്ളോഗറുടെ ലൈവ് ഷോയുണ്ടാകും. കൂടാതെ പൊതുജനങ്ങള്‍ക്ക് അടക്കം പങ്കെടുക്കാന്‍ കഴിയുംവിധം പാചക മല്‍സരവും നടത്തും.’ പതിനഞ്ചോളം കേരളീയ വിഭവങ്ങളുടെ ബ്രാന്‍ഡഡ് ഭക്ഷ്യമേള കൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷന് എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകള്‍ കൂടി കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]