
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപ്രതിപക്ഷം ഒരുപോലെ അഴിമതിയും തട്ടിപ്പുമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കരുവന്നൂരിൽ സിപിഎം സഹകരണത്തട്ടിപ്പ് നടത്തുമ്പോൾ വിളവൂർക്കലിൽ കോൺഗ്രസ് കുടുംബശ്രീ തട്ടിപ്പ് നടത്തുന്നു. കണ്ടലയിൽ സിപിഐയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. തട്ടിപ്പുകാരുടെ മുന്നണിയാണ് ഐഎൻഡിഐഎ( I.N.D.I.A) സഖ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
കണ്ടലയിൽ സമരത്തിന് എത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമീപത്തുള്ള വിളവൂർക്കലിലെത്തി കോൺഗ്രസ് നടത്തിയ തട്ടിപ്പിന് ജനത്തോട് മറുപടി പറയുമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിൽ നേരിട്ടെത്തി സമരക്കാരെ അനുമോദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനത്തെയാകെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി പിണറായി വിജയൻ വീതംവച്ചുകൊടുക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രി മകൾക്കും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാർ മരുമകൾക്കും സംസ്ഥാനത്തെ കൈ അയച്ച് സഹായം നൽകുന്നതാണ് ഇന്ന് കാണുന്നത്. പരാതിപ്പെട്ടാലും സത്യസന്ധമായ അന്വേഷണം നടക്കില്ല. കേന്ദ്രം അന്വേഷിച്ചാൽ കോൺഗ്രസും സിപിഎമ്മും കേന്ദ്രവേട്ടയെന്ന ഇരവാദം പറയുമെന്നും വി മുരളീധരൻ വിമർശിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല. കരുവന്നൂവരിൽ തട്ടിപ്പ് നടത്തിയ അരവിന്ദാക്ഷനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് എ.സി മൊയ്തീന്റെ നിലപാട്. അരവിന്ദാക്ഷന് വാ പൊളിച്ചാല്‍ പങ്ക് പറ്റിയ നേതാക്കളും പ്രതിരോധത്തിലാകും. കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
കേരളത്തിലെ അഴിമതി മുന്നണിക്ക് എതിരെ ബിജെപിയുടെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ മുതൽ വിളവൂർക്കൽ വരെ ബിജെപി പ്രവർത്തകർ വിട്ടുവീഴ്ചയില്ലാതെ നീതിക്കായി പോരാടും. വിളവൂർക്കലിലെ സമര വിജയത്തിലൂടെ പ്രവർത്തകർ യാഥാർഥ്യമാക്കിയത് പ്രധാനമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടത്തെയെന്നും വി.മുരളീധരൻ പറഞ്ഞു. സമരപ്പന്തലിലെ കുടുംബശ്രീ പ്രവർത്തകരേയും മന്ത്രി അനുമോദിച്ചു
Last Updated Oct 10, 2023, 8:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]