
കോഴിക്കോട്: സമസ്തയും ലീഗുമായി പ്രശ്നമില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎ. സാദിഖലി തങ്ങൾ പറഞതാണ് പാർട്ടി നിലപാട്. സമസ്ത – ലീഗ് ബന്ധത്തിൽ ഒരിക്കലും വിള്ളൽ ഉണ്ടാകില്ലെന്നും മുനീർ കോഴിക്കോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ലീഗും സമസ്തയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുനീർ.
മുസ്ലിം ലീഗിന്റെ അന്തിമ വാക്ക് സാദിഖലി തങ്ങളുടേതാണ്. തനിക്ക് എന്തെങ്കിലും അഭിപ്രായം പറയണമെങ്കിലും സാദിഖലി തങ്ങളുടെ ആശിർവാദം വേണമെന്നും മുനീർ പറഞ്ഞു. സമസ്തയും ലീഗും തമ്മിലുള്ളത് വളരെക്കാലത്തെ ബന്ധമാണ്. ഇരു കൂട്ടർക്കുമിടയിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല. പാർട്ടി സെക്രട്ടറി പി.എം.എ സലാം നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്ന കാലത്തോളം മാനിക്കും. ജിഫ്രി തങ്ങൾ സമുന്നതനായ വ്യക്തിയാണ്. മുസ്ലീം ലീഗ് നിലപാട് സാദിഖലി തങ്ങൾ പറഞ്ഞു കഴിഞ്ഞു. സലാം പറയുന്നതെല്ലാം നിഷ്പ്രഭം എന്ന് പറയുന്നില്ല, പക്ഷേ അന്തിമ നിലപാട് സാദിഖലി തങ്ങളുടേതാണെന്നും മുനീർ പറഞ്ഞു.
പിണറായിയും മോദിയും അവരുടെ ഏജൻസികളെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു. കെ.എം ഷാജിക്കെതിരെ എടുത്ത വിജിലൻസ് കേസ് ഇതിന് ഉദാഹരണമാണ്. ഇന്നത്തെ കോടതി വിധി വന്നതോടെ എല്ലാം ആരോപണമെന്ന് തെളിഞ്ഞിരിക്കുകയാണ്. എതിരാളികളെ തകർക്കാൻ സർക്കാർ വിജിലൻസിനെ ഉപയോഗിച്ചതിന് വ്യക്തമായ തെളിവാണ് ഷാജിക്കെതിരെ എടുത്ത കേസ്. മോദിയുടെ മോഡലാണ് പിണറായിയെന്നും മുനീർ വിമർശിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 47 ലക്ഷം രൂപ വിട്ടുനൽണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വർഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെ എം ഷാജിയ്ക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Last Updated Oct 10, 2023, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]