
ചങ്ങനാശ്ശേരി- ജാതിസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വോട്ടുബാങ്ക് രാഷ്ട്രീയമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണവും ജാതിസെന്‍സസുമെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ജാതിസെന്‍സസുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജാതിസംവരണത്തിനെതിരായി എന്‍.എസ്.എസ്. രംഗത്തെത്തിയത്.
എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം
നമ്മുടെ രാജ്യം ഒരു മതേതരജനാധിപത്യരാജ്യമാണ്. മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വര്‍ഗ്ഗത്തേയോ വിഭാഗത്തേയോ വളര്‍ത്തുവാനോ തളര്‍ത്തുവാനോ ഉള്ളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭ്യമാക്കാനാണ്. ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യവും അതായിരുന്നു.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുന്നില്‍ അടിയറപറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെന്‍സസും എല്ലാം. ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാഭേദഗതികള്‍ ഇതു വ്യക്തമാക്കുന്നതാണ്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തേയ്ക്ക് തുടങ്ങിവച്ച സംവരണം, വര്‍ഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയതില്‍നിന്നുതന്നെ പ്രായോഗികതലത്തില്‍ അതിന്റെ അശാസ്ത്രീയ വെളിപ്പെടുത്തുന്നതാണ്.
ജാതിസംവരണം ഇന്ത്യന്‍ ഭരണഘടനയുടെ അനുംഛേദം 15(1)ന്റെ ലംഘനമാണെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുണ്ട്. ഇത്തരം കോടതിവിധികളെ മറികടക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതും തുടര്‍ന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തില്‍ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവര്‍ഗ്ഗവും പോലും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല. എന്നിട്ടും എന്തുകൊണ്ടാണ് ജാതി അടിസ്ഥാനപ്പെടുത്തി സംവരണം നല്‍കുന്നതിനുള്ള വാദം ശക്തിപ്രാപിക്കുന്നതും അതിനെ രാഷ്ട്രീയകക്ഷികള്‍ പരിപോഷിപ്പിക്കുന്നതും അതിനു പിന്നിലുള്ള വോട്ടുരാഷ്ട്രീയമാണെന്നത് വ്യക്തമാണ്.
ജാതിസംവരണം വംശീയമായ വിവേചനം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും തുടര്‍ന്ന് വര്‍ഗ്ഗീയതയ്ക്കും വഴിതെളിക്കുന്നു. ജാതിസംവരണത്തിന്റെ പേരില്‍ നല്കുന്ന ഇളവുകള്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെളളം ചേര്‍ക്കുന്നു. സാമൂഹ്യമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണ്. സാമൂഹ്യനീതിക്കു വേണ്ടത് സങ്കുചിത ചിന്തകള്‍ക്കപ്പുറം യോഗ്യതയുടെ അടിസ്ഥാനത്തിലുള വിശാലമായ നടപടികളാണ്. പിന്നാക്കജാതിയിലെ മുന്നാക്കക്കാര്‍ സംവരണത്തിന്റെ പൂര്‍ണ്ണമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുള്ളവര്‍ കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരം. പിന്നാക്കക്കാരിലെ മുന്നാക്കക്കാര്‍, സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലുളളവര്‍, ജാതിസംവരണത്തിന്റെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോള്‍ മുന്നാക്കക്കാരിലെ പരമദരിദ്രനും ദരിദ്രനും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരും യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംവരണമുളള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവര്‍ണ്ണഅവര്‍ണ്ണ സംസ്കാരം വളര്‍ന്നുവരുന്നതിന് ആധാരം ജാതിസംവരണമാണ്. ഇത് രാജ്യത്തിന് ഗുണകരമല്ല. ജാതി,മത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും തൊഴില്‍പരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനുവേണ്ടി വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിര്‍ത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗ്ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നില്‍ക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കുകയും ജാതിമതവ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന സമത്വസുന്ദരമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തയ്യാറാവുകയുമാണ് വേണ്ടത്.