ദില്ലി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ദില്ലിയിൽ നേതൃത്വമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം എല്ലാം ജനം കണ്ടിരിക്കുകയാണെന്നും കോൺഗ്രസ് സംവിധാനം പൊളിഞ്ഞെന്നും പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടന്നതിൽ കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും എംപിമാരെ കൂടാതെ മഹാരാഷ്ട്രയിലെ ചില കോൺഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്.
വോട്ടെണ്ണലിന് തൊട്ടു മുൻപ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു, എന്നാൽ ബി. സുദർശൻ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകൾ മാത്രമാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും അസാധാരണ ഐക്യം ദൃശ്യമായിട്ടും ഇത് വോട്ടാകാത്തതിനെ വളരെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ചില ചെറിയ പാർട്ടികളെ കേന്ദ്രസർക്കാർ സ്വാധീനിച്ചുവെന്നും, ചില എംപിമാർ ബാലറ്റ് മനപ്പൂർവം അസാധുവാക്കിയെന്നുമാണ് നേതാക്കൾ സംശയിക്കുന്നത്.
ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും ചിലർ കൂറു മാറി വോട്ട് ചെയ്തെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകി. എഎപി എംപി സ്വാതി മലിവാർ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോൺഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തതായി നേതാക്കൾ വിലയിരുത്തുന്നു. മുതിർന്ന നേതാവ് ജയറാം രമേശിനായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രധാന ഏകോപന ചുമതല.
കൂറുമാറി വോട്ട് ചെയ്തതിൽ അന്വേഷണം വേണമെന്ന് മനീഷ് തിവാരി എംപി പരസ്യമായി ആവശ്യപ്പെട്ടത് കോൺഗ്രസിനകത്തുള്ള തർക്കത്തിൻ്റെ കൂടി സൂചനയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]