തിരുവനന്തപുരം ∙ മാറാനല്ലൂരില്‍ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കഴിഞ്ഞ ഡിസംബറില്‍ മൂന്നു യുവാക്കളെ മാറാനല്ലൂർ സിഐ ഷിബുവും എസ്ഐ കിരണും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നും ബന്ധുക്കള്‍.
മാറനല്ലൂര്‍ കോട്ടുമുകള്‍ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരൺ, സുഹൃത്ത് വിനു എന്നിവർക്കാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഡിസംബര്‍ 22ന് രാത്രി മൂവരും വീടിനു മുന്നില്‍ ഇരിക്കുമ്പോള്‍ അയല്‍വാസിയായ വിനോദിന്റെ വീടിന്റെ മതില് ചാടിക്കടന്ന് നാലുപേര്‍ അകത്തേക്കു കടക്കുന്നതു കണ്ടു. അവരെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിക്കുന്നതിനിടെ വീടിനുള്ളിൽനിന്ന് യൂണിഫോമില്‍ എസ്ഐ പുറത്തേക്കു വന്നു.
മതില്‍ചാടിയത് മഫ്തിയിലുള്ള പൊലീസുകാരാണെന്നും കഞ്ചാവു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു നടക്കുന്നതെന്നും യുവാക്കള്‍ അറിയുന്നത് അപ്പോഴാണ്.
എന്നാല്‍ പൊലീസ് സംഘം യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
തുടര്‍ന്ന് രണ്ടു ദിവസം ക്രൂരമായി മര്‍ദിച്ചശേഷം, ജോലി തടസ്സപ്പെടുത്തിയെന്നു കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു. കാലിന്റെ ഇടയില്‍ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്ന് യുവാക്കള്‍ പറഞ്ഞു.
കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു.
ഒരു ആനന്ദം പോലെ ആസ്വദിച്ചാണ് അയാള്‍ അതു ചെയ്തത്. സിഐ കൈമുട്ട് വച്ചാണു പുറത്തിടിച്ചത്.
പൊലീസുകാര്‍ പിടിച്ചു കുനിച്ചു നിര്‍ത്തി കൊടുക്കുകയായിരുന്നു. സിഐ മടുക്കുമ്പോള്‍ എസ്ഐ വരും.
അതിനുശേഷം അഖില്‍ എന്ന പൊലീസുകാരനും ഇടിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതു തടയാന്‍ ശ്രമിച്ച ശരത്തിന്റെയും ശരണിന്റെയും മാതാപിതാക്കളെയും പൊലീസ് മര്‍ദിച്ചെന്നു പരാതിയുണ്ട്.
കഞ്ചാവ് കണ്ടെത്താന്‍ പൊലീസ് വിനോദിന്റെ വീട്ടില്‍ കയറിയതും ആളു മാറിയാണെന്നു പിന്നീടു ബോധ്യമായി.
ജയിലില്‍ ആയതോടെ യുവാക്കളുടെ ജീവിതവും ബിസിനസുമടക്കം പ്രതിസന്ധിയിലായി. ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചതിനു പിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീര്‍പ്പിന് എത്തിയെങ്കിലും വഴങ്ങാതെ മുന്നോട്ടുപോകുകയാണ് യുവാക്കള്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]