പനവൂർ (തിരുവനന്തപുരം) ∙
വ്യാജമോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പനയമുട്ടം സ്വദേശി ആർ.ബിന്ദുവിന് ആശ്വാസമായി ജോലി ലഭിച്ചു. ബിന്ദുവിന്റെ ദയനീയാവസ്ഥ ‘മനോരമ’ വാർത്തയിലൂടെ അറിഞ്ഞ എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അധികൃതർ വീട്ടിലെത്തി വിതുര പൊന്മുടി വാലി എംജിഎം പബ്ലിക് സ്കൂളിൽ ജോലി നൽകാമെന്ന് അറിയിച്ചു.
തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കും.
വസ്ത്രങ്ങൾ സൂക്ഷിക്കാൻ അലമാരയും മക്കൾക്ക് യൂണിഫോം വാങ്ങാനുള്ള പണവും കൈമാറി. ചാക്കിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അലമാരയിൽ അടുക്കുമ്പോൾ ബിന്ദുവിന്റെ മുഖത്തു ചെറുപുഞ്ചിരി മിന്നി.
കുടുക്കാൻ ശ്രമിച്ചതോടെ, പണി ഇല്ലാതായ ബിന്ദു വിഷമത്തിലായിരുന്നു. ഭർത്താവ് പ്രദീപിനും ജോലിക്കു പോകാനാകാത്ത അവസ്ഥയായി.
എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.
ഗീവർഗീസ് യോഹന്നാന്റെ നിർദേശപ്രകാരം മാനേജർ ആർ.സുനിൽകുമാർ, വിതുര എംജിഎം സ്കൂൾ മാനേജർ എൽ.ബീന, പ്രിൻസിപ്പൽ ദീപ സി.നായർ എന്നിവരാണു ബിന്ദുവിന്റെ വീട്ടിലെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 23നാണ് മാല മോഷ്ടിച്ചെന്നാരോപിച്ച് പേരൂർക്കട എൻസിസി നഗർ ബഥേൽ വീട്ടിൽ ഓമന ഡാനിയേൽ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരി ബിന്ദുവിനെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് 20 മണിക്കൂർ മാനസികപീഡനത്തിനു ശേഷം വിട്ടയച്ചത്.
മാല വീടിനു പിന്നിലെ ചവറുകൂനയിൽ കണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.
ബിന്ദു ഇന്ന് മനുഷ്യാവകാശ കമ്മിഷനിൽ
ബിന്ദുവിനെ കേസിൽ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വാങ്ങാൻ ബിന്ദു ഇന്നു മനുഷ്യാവകാശ കമ്മിഷനിൽ ഹാജരാകും. കമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.
അപമാനിച്ച പൊലീസുകാർക്കും ഓമന, മകൾ എന്നിവർക്കുമെതിരെ ബിന്ദു നൽകിയ കേസിൽ നാളെ നെടുമങ്ങാട് കോടതി വാദം കേൾക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]