ദില്ലി: ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന സൂചനയുമായി ആം ആദ്മി പാർടി. 20 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക എഎപി പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് നിലപാട് മയപ്പെടുത്താത്തതോടെയാണ് തീരുമാനം. ആദ്യ പട്ടികയിൽ 12 സീറ്റുകളിലേക്ക് കോൺഗ്രസിനെതിരെ ആപ്പ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറാണെന്നും 90 സീറ്റിലേക്കും സ്ഥാനാർഥികളായെന്നും പാർടി ദേശീയ വക്താവ് സജ്ഞയ് സിങ് എംപി പറഞ്ഞു. അരവിന്ദ് കേജ്രിവാളുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.
പത്ത് സീറ്റ് ആവശ്യപ്പെട്ട എഎപിക്ക് മുന്നിൽ നാല് മുതല്‍ ആറ് സീറ്റ് വരേയേ നൽകാനാകൂ എന്ന നിലപാടാണ് കോൺഗ്രസ് വെച്ചത്. ഇത് അംഗീകരിക്കില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്. സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ കോൺഗ്രസ് ജയിച്ചപ്പോൾ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി മത്സരിച്ച സീറ്റിൽ തോറ്റിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എഎപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അനുനയത്തിന് തയ്യാറാകാത്ത നിലപാട് സ്വീകരിച്ചത്.
ഹരിയാനയിലെ സഖ്യ ചർച്ചയിൽ കൂടുതൽ സീറ്റ് വിട്ടു തരാനാകില്ലെന്നു കോൺഗ്രസ്സ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടതിലൂടെ സഖ്യത്തിനായി കാത്തിരിക്കാൻ സമയമില്ലെന്ന സന്ദേശമാണ് കോൺഗ്രസ് നൽകിയത്. ഇന്ന് രാത്രിയോടെ വിഷയത്തിൽ എഎപി അന്തിമ തീരുമാനം എടുത്തേക്കും. സെപ്റ്റംബർ 12 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം പ്രധാന നേതാക്കൾ രാജി വെച്ച ബിജെപി ക്യാമ്പിൽ പ്രതിസന്ധി തുടരുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയ കേന്ദ്ര നേതൃത്വം ഇന്ന് നിരീക്ഷകരെ അയച്ചേക്കും. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജി എൽ ശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതും ഇരട്ടപ്രഹരമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]