
കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. അസോസിയേഷനില്‍ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിറ്റേദിവസം മുതൽ ഇക്കാര്യത്തിൽ മുന്നോട്ട് വന്ന് സംസാരിക്കണമെന്ന് സംഘടനയോട് നമ്മൾ ആവശ്യപ്പെടുന്നതാണ്. ചർച്ച ചെയ്യേണ്ടൊരു വിഷയമാണെന്ന് പലവട്ടം പറഞ്ഞതാണ്. എന്നാൽ അതിനൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നമ്മളെ സംബന്ധിച്ച വിഷമല്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യവുമില്ല എന്ന ആറ്റിറ്റ്യൂഡാണ് അവർക്ക്. ഇതോടെയാണ് ഞങ്ങൾ വനിത നിര്‍മാതാക്കള്‍ ശക്തമായി പ്രതികരിച്ചത്. നിർമാതാക്കളുടെ സംഘടയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത് നൽകിയിരുന്നു. അത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ പോലും അറിഞ്ഞിട്ടില്ല. ചർച്ച ചെയ്തിട്ടുമില്ല. ഇത്തരത്തിൽ പത്രക്കുറിപ്പുകൾ റിലീസ് ചെയ്യുന്നതല്ലാതെ മുന്നോട്ട് വന്ന് സംസാരിക്കാൻ നിർമാതാക്കളും സംഘടനയും ഭയക്കുന്നുണ്ട്. ഹേമ കമ്മിറ്റിയെ കുറിച്ച് സംസാരിക്കാത്ത അസോസിയേഷൻ, നിവിൻ പോളിയുടെ ഒരു വിഷയം വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് കുറിപ്പിറക്കിയത്. അതിനർത്ഥം താരങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സംഘടയാണ് അതെന്നാണ്. അമ്മ എന്ന സംഘടനയുടെ ഉപസംഘടനയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു”, എന്ന് സാന്ദ്രാ തോമസ് പറയുന്നു.
മകളുടെ പേരിൽ ജാതി വേണ്ടെന്ന് ഉറപ്പിച്ച മാതാപിതാക്കൾ; നിത്യ മേനന്റെ യഥാർത്ഥ പേര് മറ്റൊന്ന് !
സ്വേഛാധിപത്യമാക്കി വച്ചോണ്ടിരിക്കേണ്ട സംഘടനയല്ല ഇതെന്നും മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞാന്‍ സ്വാഗതം ചെയ്യുകയാണ്. ഞാനും അതില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭയം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവരരുത് എന്ന് പലരും ആഗ്രഹിച്ചതെന്നും സാന്ദ്രാ തോമസ് പറഞ്ഞു. പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നവരെ ഭയന്നിട്ടാണ് പല സ്ത്രീകളും ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ഭയക്കുന്നത്. ഇനി ഭയന്നിരുന്നിട്ട് കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി അതുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് വരുന്നതെന്നും സാന്ദ്രാ തോമസ് പറയുന്നു. കുറച്ചു പേരുടെ കയ്യില്‍ മാത്രം ഇരിക്കേണ്ട മേഖലയല്ല സിനിമ. എല്ലാവരും അതില്‍ ഭാഗമാണെന്നും സാന്ദ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]