
അഹമ്മദാബാദ്: മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ നിര്‍ദേശ പ്രകാരം ക്രിപ്റ്റോ കറന്‍സി നിക്ഷേപം നടത്തിയ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് ഒരു കോടി രൂപ. ഗാന്ധിനഗറില്‍ ജോലി ചെയ്യുന്ന കുല്‍ദീപ് പട്ടേല്‍ എന്ന യുവാവിനാണ് പണം നഷ്ടമായത്. കുല്‍ദീപിന്റെ പരാതി പ്രകാരം സൈബർ ക്രൈം പൊലീസ് കേസെടുത്തു.
ജൂണിലാണ് മാട്രിമോണിയൽ സൈറ്റിൽ അദിതി എന്ന യുവതിയെ കണ്ടുമുട്ടിയതെന്ന് കുല്‍ദീപ് പരാതിയില്‍ പറയുന്നു. തനിക്ക് യുകെയിൽ കയറ്റുമതി – ഇറക്കുമതി ബിസിനസ് ആണെന്നാണ് യുവതി പറഞ്ഞത്. ബനോകോയിനിൽ നിക്ഷേപം നടത്താന്‍ അദിതി തന്നോട് ആവശ്യപ്പെട്ടെന്ന് കുല്‍ദീപ് പറയുന്നു. അദിതി പറഞ്ഞതു പ്രകാരം കസ്റ്റമർ കെയർ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ ആളോട് സംസാരിച്ചു.
നല്ല ലാഭം ലഭിക്കുമെന്ന് കരുതിയാണ് പണം നിക്ഷേപിച്ചതെന്ന് കുല്‍ദീപ് പറഞ്ഞു. ആദ്യം നിക്ഷേപിച്ച ഒരു ലക്ഷത്തിന് ലാഭം കാണിച്ചു. ഇതോടെ കൂടുതല്‍ പണം നിക്ഷേപിച്ചു. 18 ഇടപാടുകളിലായി 1.34 കോടി രൂപയാണ് നിക്ഷേപിച്ചത്. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയിലാണ് എല്ലാ ഇടപാടുകളും നടന്നത്. സെപ്തംബർ മൂന്നിന് അക്കൗണ്ടിൽ നിന്ന് 2.59 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചെന്ന് യുവാവ് പറഞ്ഞു.
തുടര്‍ന്ന് നേരത്തെ സംസാരിച്ച കസ്റ്റമർ കെയർ പ്രതിനിധിയെ വിളിച്ചു. അക്കൗണ്ട് തിരിച്ചുകിട്ടാന്‍ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അദിതിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി മനസിലായതെന്ന് കുല്‍ദീപ് പട്ടേല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അപരിചിതര്‍ പണം നിക്ഷേപിക്കാനുള്ള നിര്‍ദേശം വെയ്ക്കുമ്പോള്‍ കണ്ണുംപൂട്ടി വിശ്വസിക്കരുത്. ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നേരിട്ട് കണ്ട് ഉപദേശം തേടണം. അപരിചിതര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നു പറഞ്ഞ് നല്കുന്ന നമ്പറിലേക്ക് വിളിച്ച് അവര്‍ പറയുന്നത് വിശ്വസിച്ച് ഒരിക്കലും നിക്ഷേപം നടത്തരുത്.
Last Updated Sep 11, 2023, 4:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]