
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- മൂന്നാമത് ദേശീയ സാംസ്കാരിക പുരസ്കാരത്തിന് മലയാളം ന്യൂസ് പ്രസാധകരും മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവുമായ സൗദി റിസർച്ച് ആൻഡ് മീഡിയ ഗ്രൂപ്പ് (എസ്.ആർ.എം.ജി) അർഹരായി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ആഭിമുഖ്യത്തിൽ റിയാദിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ജേതാക്കളെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി യൂസുഫ് ബിൻ അബ്ദുല്ല അൽബുൻയാൻ, ഇൻഫർമേഷൻ മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽദൂസരി എന്നിവരടക്കം സാഹിത്യ, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
എല്ലാ സാംസ്കാരിക മേഖലകളിലെയും സാംസ്കാരിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രോത്സാഹനമാണിതെന്നും സാംസ്കാരിക സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും സാംസ്കാരിക മന്ത്രി പ്രസ്താവിച്ചു.
സമകാലിക അന്തർദേശീയ സാംസ്കാരിക രംഗം സമ്പന്നമാക്കുന്നതിന് സംഭാവന നൽകിയ അന്താരാഷ്ട്ര വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനും ആഗോള തലത്തിൽ അന്താരാഷ്ട്ര സാംസ്കാരിക വിനിമയ മേഖലയിലെ മികച്ച ശ്രമങ്ങൾ ആഘോഷിക്കുന്നതിനുമാണ് ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക മേഖലയിൽ മികച്ച സംഭാവന നൽകിയ സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ എസ്.ആർ.എം.ജിയും വ്യകതിയെന്ന നിലയിൽ പ്രമുഖ സാഹിത്യകാരൻ അബൂ അബ്ദുറഹ്മാൻ ബിൻ അഖീൽ അൽദാഹിരിയും ബിസിനസ് മേഖലയിൽ അബ്ദുറഹ്മാൻ ബിൻ മഹ്ഫൂദിയും അവാർഡിനർഹരായി. ഇന്റർനാഷണൽ അലയൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ഹെറിറ്റേജ് ഇൻ കോൺഫ്ളിക്റ്റ് സോൺസ് ഫൗണ്ടേഷൻ അലിഫിനാണ് ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ്. യുവതക്കുള്ള അവാർഡ് ലുബ്ന അൽഖമീസ്, നൺ പ്രോഫിറ്റ് സെക്ടറിനുള്ള അവാർഡ് അബ്ദുറഹ്മാൻ അൽസുദൈരി, കൾച്ചറൽ സെന്ററും സാഹിത്യ മേഖലയിലും കവി മുഹമ്മദ് ഇബ്രാഹീം യഅ്ഖൂബ്, പ്രസാധന മേഖലയിൽ ദാറു അദബ് പബ്ലിക്കേഷൻസും അർഹരായി. മുനാ അൽഫാലിഹ് (ട്രാൻസ്ലേഷൻ), ഡോ. അബ്ദുല്ല അൽമസ്രി (ഫാഷൻ), ബതീൽ കമ്പനി (കുക്കിംഗ്), മനാൽ അൽദൂയാൻ (ദൃശ്യകലകൾ), ഇബ്രാഹിം ഹസാവി (ഫിലിം), ഖുലൂദ് അൽഅതാർ (ഡിസൈനിംഗ്) എന്നിവരും പുരസ്കാരത്തിന് അർഹരായി.