റേഷനരി നിറംചേര്‍ത്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക്; കോട്ടയം, എറണാകുളം ജില്ലകളിൽ റേഷനരി കരിഞ്ചന്ത വ്യാപകം; ഇരു സംസ്ഥാനങ്ങളും പരിശോധനകള്‍ കര്‍ശനമാക്കി
സ്വന്തം ലേഖിക
കുമളി: ഒരിടവേളയ്ക്കുശേഷം വീണ്ടും അരി കടത്ത് വ്യാപകം.
തമിഴ്നാട്ടില്‍ നിന്നു അതിര്‍ത്തി ചെക്ക്പോസ്റ്റിലൂടെയാണ് കേരളത്തിലേക്ക് റേഷൻ അരി കടത്തി വില്‍ക്കുന്നത്.
കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ മലയാളി ഉള്‍പ്പെടെയുള്ളവരെ 3200 കിലോ റേഷനരിയുമായി പിടികൂടിയിരുന്നു.
ഒറ്റപ്പെട്ട പിടികൂടലുകള്‍ നടക്കുമ്പോഴും റേഷനരി കരിഞ്ചന്ത പല ജില്ലകളിലും വ്യാപകമാണ്. തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുൻപ് തമിഴ്നാട്ടില്‍ നിന്നുള്ള റേഷനരി കടത്ത് നടത്തിയിരുന്നത്.
ഇപ്പോള്‍ ഇടുക്കിക്ക് പുറമേ കോട്ടയം, എറണാകുളം മേഖലകളിലും കളര്‍ ചേര്‍ത്തുള്ള അരി വില്‍പ്പന കൂടിവരുകയാണ്. തേനി, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നുള്ള അരികടത്തല്‍ തടയുന്നതിന് തമിഴ്നാട്ടില്‍ കര്‍ശന നിയമവും സിവില്‍ സപ്ലൈസ് സ്ക്വാഡും ഭക്ഷ്യവകുപ്പിന്റെ പ്രത്യേകസെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുമളി ചെക്ക്പോസ്റ്റിലൂടെയുള്ള അരികടത്തല്‍ തകൃതിയാണ്.
തമിഴ്നാട്ടില്‍ ഒരു റേഷൻകാര്‍ഡ് ഉടമയ്ക്ക് 40 കിലോ അരിയാണ് സര്‍ക്കാര്‍ സൗജന്യമായി കൊടുക്കുന്നത്. റേഷൻ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷൻ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കും.
ഇത്തരത്തില്‍ പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് അതിര്‍ത്തി കടന്നെത്തുന്നത്. പ്രധാനമായും ഇത്തരത്തിലെത്തുന്ന വെള്ളയരി തോട്ടം തൊഴിലാളികളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 30 മുതല്‍ 35 രൂപ നിരക്കിലാണ് ഇവ ഇടനിലക്കാര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]