
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 100 വോട്ട് പോലും ലഭിക്കാതെ തോല്‍വിയേറ്റ് വാങ്ങിയതിന്റെ കാരണം പിന്തുണ നൽകിയ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ തന്നെയാണ് കേരള സിവിലിയൻ ലീഗ് (കെ സി എൽ) പാര്‍ട്ടി വിലയിരുത്തല്‍. വോട്ടെണ്ണലിന് പിന്നാലെ പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ടെത്താൻ സംസ്ഥാന നേതാക്കൾ അടിയന്തരമായി യോഗം ചേര്‍ന്നിരുന്നുവെന്ന് കേരളാ സിവിലിയൻ ലീഗ് പാർട്ടി ചെയർമാൻ ആല്ബിച്ചൻ മുരിങ്ങയിൽ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാർഥി സന്തോഷ് പുളിക്കലും കെസിഎൽ ചെയർമാൻ ആൽബിച്ചൻ മുരിങ്ങയിലും ഉൾക്കൊള്ളുന്ന പോസ്റ്ററാണ് പാർട്ടി അച്ചടിച്ചത്. എന്നാൽ സന്തോഷ് പുളിക്കൽ സ്വയം അച്ചടിച്ച പോസ്റ്ററിൽ ആൽബിച്ചന്റെ ചിത്രമോ പാർട്ടി പേരോ ഉൾക്കൊള്ളിച്ചില്ല. ഇതും തോല്‍വിക്ക് കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സന്തോഷ് പുളിക്കൽ പാർട്ടിയോട് രഹസ്യമായി സഹായം തേടുകയും എന്നാൽ ഫേസ്ബുക്ക് അടക്കമുളള തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരിക്കൽ പോലും കെസിഎല്ലിന്റെയോ ആൽബിച്ചന്റെയോ പേര് പ്രതിപാദിച്ചില്ല.
മീഡിയ നടത്തിയ അഭിമുഖങ്ങളില്‍ അദ്ദേഹം ഒരിക്കൽ പോലും കെസിഎൽ പാർട്ടി തന്നെ പിന്തുണയ്ക്കുന്ന വിവരം പറഞ്ഞില്ല. മാത്രമല്ല താൻ ആരുടേയും പിന്തുണ ഇല്ലാതെയാണ് മത്സരിക്കുന്നത് എന്ന് കൂടെ പറഞ്ഞുവെന്നും ആല്ബിച്ചൻ ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കാരണങ്ങളാല്‍ ഗുരുതരമായ പിഴവുകൾ വരുത്തിയ സന്തോഷ് പുളിക്കലിനെ അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെസിഎൽ അറിയിച്ചു.
അതോടൊപ്പം കെസിഎൽ കോട്ടയം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ആല്ബിച്ചൻ അറിയിച്ചു. പാർട്ടിയാണ് വലുതെന്നും സ്ഥാനാർഥിയല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് ഇതൊരു താക്കീതാണെന്നും ആല്ബിച്ചൻ മുന്നറിയിപ്പ് നൽകി. പരാജയം പാര്‍ട്ടി പഠിക്കുമെന്നും പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated Sep 10, 2023, 3:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]