കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് തുറമുഖ വകുപ്പിന് കീഴിലുള്ള ബംഗ്ലാവ് ഉൾപ്പെടുന്ന ഒരേക്കർ ഭൂമി നടത്തിപ്പിന് കൈമാറുന്നതിനായി നിക്ഷേപക സംഗമം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി ഡോക്ടർ വി വേണുവിന്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇന്ന് കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്തെ കെട്ടിടവും ഭൂമിയും 30 വർഷത്തേക്ക് സ്വകാര്യ സംരംഭകർക്ക് കൈമാറാനാണ് പ്രാഥമിക ആലോചന.
കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നാണ് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിന് മുന്നിലുള്ള പോർട്ട് ബംഗ്ലാവ്. ആദ്യം പോർട്ട് ഓഫീസറുടെ ബംഗ്ലാവ് ആയും പിന്നീട് തുറമുഖ വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ആയും ഉപയോഗിച്ച ഈ കെട്ടിടം നിലവിൽ ചോർന്നൊലിക്കുന്ന നിലയിലാണ്. നവീകരിക്കാൻ വേണ്ടി വരുന്ന വൻ തുക കണ്ടെത്താൻ ആകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെട്ടിടവും കെട്ടിടം നിൽക്കുന്ന ഒരേക്കർ ഭൂമിയും 30 വർഷത്തേക്ക് നടത്തിപ്പിന് കൈമാറാനുള്ള നിർദ്ദേശം മാരി ടൈം ബോർഡ് സർക്കാരിന് മുന്നിൽ സമർപ്പിച്ചത്.
ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഡോക്ടർ വേണുവും മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയും അടങ്ങുന്ന ഉദ്യോഗസ്ഥർ ഇന്ന് ബംഗ്ലാവ് സന്ദർശിച്ചത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചർച്ചയിൽ പങ്കെടുത്തു. പ്രാഥമിക ആലോചനകൾ മാത്രമാണ് നടന്നതെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കെട്ടിടവും ഭൂമിയും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആയിരിക്കുമെന്നും അതേസമയം ബോർഡിന് മികച്ച വരുമാനം ഉറപ്പാക്കി കൊണ്ടാകും ഇവ നടത്തിപ്പിന് കൈമാറുക എന്നും മാരിടൈം ബോർഡ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]