
ഗോത്ര കാവ്യ(പാട്ട്) പാരമ്പര്യത്തെ ആധുനിക കവിതയോട് ചേർത്തുവച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. പുതുമണ്ണിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പും മുദ്രാവാക്യത്തിന്റെ ചൂരും കടമ്മനിട്ട കവിതകൾക്കുണ്ടായിരുന്നു. മാറ്റത്തിനായി വെമ്പൽകൊണ്ട ക്ഷുഭിതയൗവ്വനത്തിന് ഉച്ചത്തിൽ പ്രതിഷേധിക്കാൻ, ആഘോഷിക്കാൻ കിട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്.
നെല്ലിൻതണ്ടുമണിക്കുംവഴികൾ
എള്ളിൻനാമ്പ് കുരുക്കും വയലുകൾ
എണ്ണം തെറ്റിയ ഓർമ്മകൾ വീണ്ടും
കുന്നിൻചെരുവിൽ, മാവിൻകൊമ്പിൽ
ഉണ്ണികളായി ഉറങ്ങിയെണീക്കെ…
കടമ്മനിട്ടയെന്ന കവിതയിലെ ഈ വരികൾ കടമ്മനിട്ടയെന്ന ഗ്രാമത്തിന്റേത്
മാത്രമായിരുന്നില്ല. കേരളത്തിന്റെ ഭാവുകത്വ പരിണാമത്തിന്റേത് കൂടിയായിരുന്നു. ഇന്നാട്ടിലെ യുവതീയുവാക്കളിത് ഏറ്റുപാടിയ കാലമുണ്ടായിരുന്നു. സാധാരണക്കാരേയും സർവകലാശാലാ വിദ്യാർത്ഥികളേയും ഒരുപോലെ കടമ്മനിട്ടകവിതകൾ അക്കാലത്ത് ആവേശിച്ചിരുന്നു. കടമ്മനിട്ടയുടെ കവിത യുവാക്കളെ ഇളക്കിമറിച്ചൊരു കാലത്ത് കവിയുടെ ആരാധകനും സുഹൃത്തും സ്വന്തക്കാരനുമൊക്കെയാകാൻ ഭാഗ്യം ലഭിച്ച ഡോ. കെ.എസ്.രവികുമാർ കവിയേയും കാലത്തേയും കവിതയേയും രേഖപ്പെടുത്തുകയാണ് ‘കടമ്മനിട്ട കവിതയുടെ കനലാട്ടം’ എന്ന ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.
ഒരു കാലത്തെ യുവത്വത്തിന്റെ ആവേശമായൊരു കവിയെ ഇത്തരത്തിൽ അടുത്തുനിന്ന് കണ്ട ഒരാൾ അടയാളപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെകൂടി ആവശ്യമാണ്. നമ്മുടെ എഴുത്തുകാരെക്കുറിച്ച് കൂടുതൽ ജീവചരിത്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
പൊതുവെ എഴുത്തുകാരുടെ എഴുത്തുമാത്രം ചർച്ചചെയ്യപ്പെടുകയും എഴുത്തുകാരന്റെ ജീവിതം വിസ്മരിക്കുകയും ചെയ്യുന്നതാണ് നമ്മൾ ചെയ്യാറുള്ളത്. അതിന് പിന്നിലൊരു ദർശനം ഉണ്ടായിരിക്കാം. എന്നാൽ ഈ നിലപാടിന് മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. ഈ അടുത്ത കാലത്തായി ജീവചരിത്രഗ്രന്ഥങ്ങളും ആത്മകഥകളും ഓർമ്മക്കുറിപ്പുകളും കൂടുതലായി എഴുതപ്പെടുന്നുവെന്നത് അഭിനന്ദനീയമാണ്. കടമ്മനിട്ടയുടെ ജീവിതത്തിന്റെ സൂക്ഷ്മമായ വിശകലനങ്ങൾ അവധാനതയോടെ സാഹിത്യ നിരൂപകൻ കൂടിയായ കെ.എസ്. രവികുമാർ ചെയ്തിട്ടുണ്ട്. കുട്ടിക്കാലവും കവിയായി വളരുന്നതും ഔദ്യോഗികജീവിതവും കുടുംബബന്ധങ്ങളും രാഷ്ട്രീയ ജീവിതവുമൊക്കെ മറയില്ലാതെ 439 പേജുള്ള ഈ കൃതിയിൽ ലളിതമായി വരച്ചിട്ടിരിക്കുന്നു.
തന്റെ നാട്ടിലെ കലാസമിതിയുടെ ഉദ്ഘാടനത്തിനായി കടമ്മനിട്ടയെത്തിയപ്പോഴാണ് കെ.എസ്.രവികുമാർ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കടമ്മനിട്ടദേശത്തോട് ചേർന്നുതന്നെയാണ് കെ.എസ്.രവികുമാറിന്റെ പനങ്ങാട് ഗ്രാമവും. നിരവധി എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയുംസംഭാവനചെയ്ത ഗ്രാമമാണിത്. സുരേഷ് പനങ്ങാട്, പ്രദീപ് പനങ്ങാട്, ചന്ദ്രബാബു പനങ്ങാട് തുടങ്ങിയവർ ഇവരിൽ ചിലർമാത്രം.
കടമ്മനിട്ടയെന്ന കവിയുടെ ആദ്യദർശനത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു.:
‘കരിമ്പിൻപാടങ്ങളുടെ നടുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സമ്മേളനസ്ഥലത്തെ വെളിച്ചത്തിലേക്ക് കൈവീശി വേഗത്തിൽ കടമ്മനിട്ട രാമകൃഷ്ണൻ നടന്നുവന്ന ദൃശ്യം ഇപ്പോഴും മനസിലുണ്ട്. വൈക്കോൽ നിറത്തിൽ പരുക്കൻതുണിയിലുള്ള മുറിക്കയ്യൻ ഷർട്ട,് അൽപം ചുരുണ്ട പാറിപ്പറക്കുന്ന മുടി. ഗൗരവക്കാരനെന്ന തോന്നലുണ്ടാക്കുന്ന കനത്തമുഖം. ഷേവ് ചെയ്തിട്ട് രണ്ടുമൂന്ന് ദിവസമായിട്ടുണ്ട്. ചെറിയതോതിലുള്ള കൊമ്പൻമീശ.’
ചടങ്ങിന് തൊട്ടടുത്തദിവസം കടമ്മനിട്ടയുടെ ചെറിയ വീട്ടിലെത്തിയ കെ.എസ് രവികുമാർ അദ്ദേഹവുമായി ആദ്യമായി സംസാരിച്ചു. ഇത് പിന്നീട് ആത്മബന്ധമായി വളർന്നു. കടമ്മനിട്ടയുടെ ജീവിതാവസാനം വരെയത് തുടർന്നു. കടമ്മനിട്ടയെക്കുറിച്ചൊരു ജീവചരിത്രരചനക്ക് പ്രേരണയായത് ഈ ബന്ധമാണ്. വ്യക്തിപരമായ അനുഭവങ്ങളും ഇഴചേർത്താണ് എഴുതിയിരിക്കുന്നത്.
പരമ്പരാഗത കാവ്യരീതിയെ വെല്ലുവിളിച്ച കവിക്ക് ആരാധകരെപ്പോലെ വിമർശകരുമുണ്ടായിരുന്നു. അക്കാലത്ത് നക്സൽ അനുഭാവിയായിരുന്ന കടമ്മനിട്ടയെ രാഷ്ട്രീയ കാരണത്താലും അകറ്റിനിർത്തപ്പെട്ടു. താറും കുറ്റിച്ചൂലും എന്ന കവിത കപടസദാചാരമൂല്യങ്ങളെയും സമൂഹത്തിന്റെ പൊയ്മുഖവും പിച്ചിച്ചീന്തുന്നുണ്ട്.
ഒരു കവിതയുടെ പിറവിയുടെ പിന്നിലെ സർഗവേദന. കവിത പിറന്നിട്ടും അനുഭവിക്കേണ്ടിവരുന്ന എഴുത്തുകാരന്റെ ആത്മസംഘർഷങ്ങൾ വളരെ വേദനാജനകമാണ്. ഇതേക്കുറിച്ച് കാട്ടാളനെന്ന തന്റെ പ്രസിദ്ധ കവിതയുടെ എഴുത്തനുഭവത്തെക്കുറിച്ച് കടമ്മനിട്ടതന്നെ പറഞ്ഞതിവിടെ രേഖപ്പെടുത്തിയതിങ്ങനെ:
‘ കാട്ടാളനെന്ന കവിത മനസ്സിൽ മുളച്ച് വരികൾ രൂപംകൊണ്ടുവന്ന രണ്ടുമൂന്ന് ദിവസങ്ങൾ ഭ്രാന്തുപിടിച്ചതു പോലെയുള്ള മാനസികാവസ്ഥയിലായിരുന്നു എന്ന് രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഭാവവും താളവും ആശയവും അന്തരീക്ഷവുമിണങ്ങിയ വാക്കുകളുടെ ജൈവശിൽപമായി വികസിച്ച് കവിതപൂർണരൂപം പ്രാപിച്ചപ്പോഴേക്കും മാനസികമായി മാത്രമല്ല. ശാരീരികമായും പരിക്ഷീണിതനായിക്കഴിഞ്ഞിരുന്നു. ആ അവസ്ഥയിൽനിന്ന് മോചനം കിട്ടാൻ ദിവസങ്ങൾവേണ്ടിവന്നു’
പടയണി പാരമ്പര്യത്തിൽ ജനിച്ച് വളർന്ന കടമ്മനിട്ട രാമകൃഷ്ണൻ ചലച്ചിത്രസംവിധായകൻ അരവിന്ദന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ചോൽക്കാഴ്ചയെന്ന കാവ്യകലാരൂപത്തെ കോലം അഴിച്ചുവച്ച പടയണിയുടെ ആധുനികരൂപമായി വേണമെങ്കിൽ വിശേഷിപ്പിക്കാം. പുരാതനകാലത്തേക്ക് ആസ്വാദകരെ നയിക്കാൻ കടമ്മനിട്ടയുടെ ചൊൽക്കാഴ്ചകൾക്ക് കഴിഞ്ഞിരുന്നു. പരുഷമായ ഗോത്രതാളങ്ങളിൽ കാലത്തിന്റെ ഉദ്വേഗങ്ങളെ പൊള്ളുന്ന വാക്കുകളിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ടയെന്ന് പറയാം.
കടമ്മനിട്ട: കവിതയുടെ കനലാട്ടം
കെ.എസ്.രവികുമാർ
മനോരമ ബുക്സ്
വില590 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
