
ന്യൂഡൽഹി∙ 2024
തിരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് കൊള്ളയിലും ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്കരണത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് നടത്തും.
25 പാർട്ടികളിൽ നിന്നായി 300ലധികം എംപിമാരാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ 11.30ന് മാർച്ച് നടത്തുന്നത്. പാർലമെന്റിലെ മകർ ദ്വാറിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലേക്ക് പ്രതിഷേധം കടക്കാതിരിക്കാൻ വേണ്ട സുരക്ഷാ തയാറെടുപ്പുകൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി(എസ്പി), ശിവസേന (യുബിടി), നാഷനൽ കോൺഫറസ് തുടങ്ങിയ പാർട്ടികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന.
12 എംപിമാരുള്ള ആം ആദ്മി പാർട്ടിയെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യാ സഖ്യത്തിന്റെ ബാനർ ഇല്ലാതെയായിരിക്കും പ്രതിഷേധ മാർച്ച് നടക്കുക. കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്നു പുറത്തുപോയിരുന്നു.
പ്രതിപക്ഷത്തിന്റെ പരിപാടിയാണെന്നും ആം ആദ്മി പാർട്ടി പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം ശരിയാണെന്ന് ആവർത്തിച്ച് കോണ്ഗ്രസ് ഇന്നലെ രംഗത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെയാണ് ക്രമക്കേടെന്നാണ് ആരോപണം. തെളിവുകൾ ആവശ്യപ്പെട്ട് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിക്കു നോട്ടിസ് നൽകിയതിനു പിന്നാലെയാണ് വോട്ട് കവർച്ചയുമായി ബന്ധപ്പെട്ട
ആരോപണം കോൺഗ്രസ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]