
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യു ഡി എഫ് കൺവീനർ അടൂർ പ്രകാശും കൊടിക്കുന്നിൽ സുരേഷും സി പി എം നേതാവായ കെ രാധാകൃഷ്ണനും തമിഴ്നാട്ടിൽ നിന്നുള്ള റോബർട്ട് ബ്രൂസുമടക്കമുള്ള എം പിമാരടക്കം മൊത്തം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
എല്ലാവരും സുരക്ഷിതരാണ്. സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെ റൺവേയിൽ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയർ ഇന്ത്യ വിമാനം മണിക്കൂറുകൾക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വൻ ദുരന്തമാണ് ഒഴിവായതെന്ന് സാരം.
വിമാനം അടിയന്തരമായ ലാൻഡ് ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചാണ് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്തെത്തിയത്. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്.
അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്നാണ് അടൂർ പ്രകാശ് വിവരിച്ചത്.
അതിനിടെ വിഷയത്തിൽ പ്രതികരിച്ച് എയർ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള മുൻകരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാൻഡിംഗ് നടത്തിയതെന്നുമാണ് എയർ ഇന്ത്യ പറയുന്നത്.
ചെന്നൈയിൽ വിമാനത്തിന്റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കിയെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂർത്തിയാക്കി ഉടൻ തന്നെ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചെന്നും എയർ ഇന്ത്യ വക്താവ് വിവരിച്ചു.
അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാർ കണ്ടെത്തിയതോടെ, രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]