ലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം രണ്ട് വർഷമായി പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പരാതി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബമാണ് തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിപ്പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിസ പ്രശ്നങ്ങളെ തുടർന്നാണ് കുടുംബത്തിന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായതെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു.
യുപി സ്വദേശിയായ മജിദ് ഹുസൈനും പാകിസ്ഥാൻകാരിയായ താഹിർ ജബീനും 2007ലാണ് വിവാഹിതരായത്. തുടർന്ന് കുടുംബം ഉത്തർപ്രദേശിലെ രാംപൂരിൽ താമസമാക്കി. ഇരുവർക്കും മൂന്ന് മക്കളുണ്ട്. 2022ൽ താഹിറിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബം പാകിസ്ഥാനിലേക്ക് പോയത്. മൂന്ന് മാസത്തെ വിസ കാലാവധിയാണ് ഉണ്ടായിരുന്നത്. മൂന്ന് മാസം കഴിഞ്ഞ് രണ്ട് ദിവസം കൂടി അധികമായി അവിടെ നിൽക്കേണ്ടി വന്നു. ഇതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
പലതരത്തിൽ ശ്രമിച്ചിട്ടും രണ്ട് വർഷമായി മജിദും കുടുംബവും ഇന്ത്യയിലേക്ക് തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. മജിദിന്റെ അമ്മയും സഹോദരിമാരും രാംപൂരിലെ വീട്ടിലുണ്ട്. മജിദിനെയും കുടുംബത്തെയും തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
ആവശ്യമായ എല്ലാ രേഖകളും പാകിസ്ഥാൻ അധികൃതർക്ക് സമർപ്പിച്ചിട്ടും തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് മജിദിന്റെ അമ്മ ഫാമിദ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പറഞ്ഞ് മജിദ് എപ്പോഴും വിളിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മാജിദിനും കുട്ടികൾക്കും വിസ ലഭിക്കാൻ പ്രയാസമില്ലെങ്കിലും താഹിറിന്റെ അപേക്ഷ നിരസിക്കപ്പെടുന്നതാണ് തിരിച്ചുവരവ് പ്രതിസന്ധിയിലാവാൻ കാരണമെന്ന് ബന്ധുവായ ഷക്കീർ അലി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് കുടുംബത്തിന്റെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]