ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും നീലവസന്തം തീർത്ത് കുറിഞ്ഞിപ്പൂക്കൾ വിടർന്നു. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറിഞ്ഞിയാണ്.
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തും പാറയിലെ മലനിരകളിലൊന്നിലാണ് കുറിഞ്ഞി പൂത്തു നിൽക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏഴു വർഷത്തിൽ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ വരെ ഉയരമുള്ള സ്ഥലത്താണിവ വളരുക. പരുന്തുംപാറക്കൊപ്പം അഷ്ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്. നിരനിരയായി കൂട്ടത്തോടെ പൂത്തുനില്ക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി പേരാണ് ഇവിടങ്ങളിലേക്കെത്തുന്നത്.
എപ്പോഴും കാണാത്ത പൂക്കൾ കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നാണ് സന്ദർശകർ പറയുന്നത്. കുട്ടികൾക്ക് കാണാൻ കഴിഞ്ഞതും സന്തോഷമായെന്നാണ് പറയുന്നു കാഴ്ച്ചക്കാർ. അതേസമയം, മഴയില്ലെങ്കിൽ രണ്ടു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും. നീല വസന്തം തീർത്ത പരുന്തും പാറയിലേക്ക് വരും ദിവസങ്ങളിൽ ഇനിയും സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]