കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടൽ പ്രദേശത്ത് രാവും പകലുമില്ലാതെ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓഫ് റോഡേഴ്സിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ലഫ്. കേണല്‍ ഋഷി രാജലക്ഷ്മി. ദുരന്തമേഖലയിൽ തെരച്ചിലവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പെയാണ് ഋഷി രാജലക്ഷ്മി ഓഫ് റോഡേഴ്സിനെ കണ്ട് നന്ദി പറയാനെത്തിയത്. ഉരുൾ പൊട്ടലിൽ റോഡുപോലുമില്ലാതെ ദുർഘടമായ പാറക്കെട്ടുകളിലൂടെയും വനത്തിലൂടെയും മണ്ണ് മൂടിയ ചൂരൽ മലയിലും മുണ്ടക്കൈയിലും വിവിധ ജില്ലകളിൽ നിന്നുള്ള ഓഫ് റോഡ് ഡ്രവർമാരുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. ചളിയും പാറക്കലും കെട്ടിടാവശിഷ്ടങ്ങളും മൂടിയ സ്ഥലങ്ങളിലൂടെ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരേയും മരണപ്പെട്ടവരുടെ മൃതശരീരങ്ങളുമായി ഫോർ വീൽ ജീപ്പുകൾ പാഞ്ഞു.
ഒടുവിൽ തെരച്ചിലവസാനിച്ച് സൈന്യം മടങ്ങുമ്പോൾ ഓഫ് റോഡേഴ്സിന് നന്ദി പറയാനെത്തിയതാണ് ലഫ്. കേണല്‍ ഋഷി രാജലക്ഷ്മി. വിവിധ ജില്ലകളിൽ നിന്നെത്തിയ യുവാക്കളോട് നന്ദി പറഞ്ഞ് ലഫ്. കേണല്‍ ഋഷി രാജലക്ഷ്മി ഒടുവിൽ ഒരു ഫോട്ടോയെടുക്കാൻ ഓഫ് റോഡേഴ്സിനെ ക്ഷണിച്ചു. ഗിവ് മി എ ഹഗ്, വാടാ…. എന്ന് മലയാളികൂടിയായ ഋഷിയുടെ വാക്ക് കേട്ട് ഓഫ് റോഡേഴ്സ് അദ്ദേഹത്തെ വാരിപ്പുണർന്നു. ഒടുവിൽ കേണലിന് എല്ലാവരും ചേർന്ന് സല്യൂട്ടും നൽകിയാണ് മടങ്ങിയത്. ദുരന്തത്തിൽ എല്ലാവരും പകച്ച് നിന്നപ്പോൾ ഓഫ് റോഡ് റേഡേഴ്സ് ചെയ്തത് വലിയ കാര്യമാണെന്നായിരുന്നു കേണൽ ഋഷിയുടെ പ്രതികരണം. വൈകാരിക നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് തുടക്കം മുതൽ തന്നെ ലഫ്. കേണല്‍ ഋഷി വയനാട്ടിലുണ്ട്. മുഖം മറയ്ക്കുന്ന മാസ്കിട്ട് മലയാളത്തിലും കമാൻഡുകൾ നൽകുന്ന സൈനികനെ തുടക്കം മുതൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു. മലയാളികൾക്ക് അഭിമാനമായ ആ ജവാനെ ആദ്യമാരും തിരിച്ചറിഞ്ഞിരുന്നില്ല. ‘ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍’ എന്ന് മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വിശേഷിപ്പിച്ച ലഫ്. കേണല്‍ ഋഷി രാജലക്ഷ്മിയാണ് ആ മുഖാവരണം ധരിച്ച സൈനികനെന്ന് പിന്നീട് മാധ്യമ വാർത്തകളിലൂടെ പുറം ലോകമറിഞ്ഞു.
2017ലെ ത്രാലിലെ ഭീകരാക്രമണത്തിൽ ത്രീവവാദികളെ നേരിടുന്നതിനിടെയാണ് ഋഷിക്ക് പരിക്കേൽക്കുന്നത്. 2017 മാര്‍ച്ച് 4ന് കശ്മീരിലെ ത്രാലിലാണ് 12 മണിക്കൂറിലധികം നീണ്ട ആ ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷേസന ഏറെ നാളായി നോട്ടമിട്ടിരുന്ന ആഖ്യുബ് മൊല്‍വി അടക്കം ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് ഋഷിയുടെ നേതൃത്വത്തില്‍ സൈന്യം വളഞ്ഞു. കീഴടങ്ങാനുള്ള നിര്‍ദേശം ഭീകരര്‍ ചെവിക്കൊണ്ടില്ല. ഒടുവിൽ സൈന്യവും ഭീകകരും ഏറ്റുമുട്ടൽ തുടങ്ങി. മൂന്ന് മണിക്കൂര്‍ ഏറ്റുമുട്ടല്‍ നടന്നു. തീയിട്ട് ഭീകരരെ പുറത്തിറക്കാന്‍ സൈന്യം ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, സ്ഫോടനത്തിലൂടെ വീട് തകര്‍ത്ത് ഭീകരരെ വധിക്കാന്‍ തീരുമാനിച്ചു.
10 കിലോ സ്ഫോടക വസ്തുമായി ഋഷി വീടിനുള്ളിലേയ്ക്ക്. പെട്ടെന്ന് മുകള്‍ നിലയിലുണ്ടായിരുന്ന ഭീകരര്‍ ഗോവണിപ്പടിക്ക് മുകളില്‍ നിന്ന് വെടിയുതിര്‍ത്തു. ഹെല്‍മറ്റില്‍ ഉരസി ഋഷിയുടെ മൂക്ക് തകര്‍ത്ത് ആദ്യ വെടിയുണ്ട കടന്നുപോയി. രണ്ടാം വെടിയുണ്ട താടിയെല്ല് തകര്‍ത്തു. ഒരു വെടിയുണ്ട കൂടി. മുഖം ചിതറിത്തെറിച്ചു. രക്തം ചീറ്റി. എന്നിട്ടും സഹപ്രവർത്തകരെ അപകത്തിലാക്കാതെ ഋഷി പതിയെ പുറത്തേയ്ക്ക് ഇഴഞ്ഞു നീങ്ങി. ആക്രമണത്തിൽ മേജര്‍ ഋഷിയുടെ മുഖം തകന്നിരുന്നു. ഒരുവട്ടം പോലും കാണാന്‍ കഴിയാത്ത അത്ര ഭീകരമെന്നാണ് ഋഷിയുടെ പരിക്കേറ്റ മുഖം കണ്ട ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്. തന്റെ പരിക്ക് കണ്ട് ഞെട്ടി നിന്ന ഡോക്ടർമാരെ എല്ലാം ശരിയാകുമെന്ന് തംസ് അപ്പ് കാണിച്ച് അമ്പരപ്പിച്ചിരുന്നു ആ അവസ്ഥയിലും ഋഷി.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 23-ഓളം ശസ്ത്രക്രിയകളിലാണ് ഋഷിയുടെ മുഖത്ത് നടത്തിയത്. ഒടുവലിൽ രാജ്യത്തിന്റെ മുഖം സംരക്ഷിക്കാനായി തന്റെ മുഖം എന്നെന്നേക്കും മറച്ച് ആ സൈനികൻ വീണ്ടും യൂണിഫോമണിഞ്ഞു. എഞ്ചിനീയറിങ് ബിരുദധാരിയായ മുതുകുളം വടക്ക് മണിഭവനത്തില്‍ ഋഷി കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത അഭിനിവേശം ഒടുവിൽ ആ യൂണിഫോമിലേക്കെത്തിച്ചു. തന്റെ രാജ്യത്തെ പൗരന്മാരെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, അവര്‍ക്കൊരാപത്ത് വരുമ്പോള്‍ കൈത്താങ്ങാവുകയും തന്റെ ചുമതലയാണ് എന്ന് പറഞ്ഞാണ് ലഫ്. കേണല്‍ ഋഷി രാജലക്ഷ്മി വയനാട്ടിൽ നിന്നും മടങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]