
ലോര്‍ഡ്സില്‍ ഒന്നാം ദിനം രണ്ടാം സെഷൻ, 31-ാം ഓവര്‍. സ്ട്രൈക്കില്‍ ജൊ റൂട്ട്.
ഡ്യൂക്സ് ബോള്‍ സിറാജിന്റെ കൈകളിലാണ്. പേസ് ബൗളിങ്ങിന്റെ മനോഹരമായ ഒരു സ്പെല്ലിലൂടെ മത്സരം നീങ്ങുകയാണ്.
റൂട്ടിന്റെ ബാറ്റിന്റെ എഡ്ജിനെ ടീസ് ചെയ്ത് സിറാജിന്റെ പന്തുകള്‍ നിരന്തരം കടന്നുപോകുന്നു. ഡോട്ട് ബോളുകളുടെ സമ്മര്ദസൂചി ഉയരുകയാണ്.
ഒടുവില്‍ റൂട്ട് ക്ഷമയുടെ വരമ്പ് കടക്കുന്നു, പിന്നാലെ അയാളൊരു ലൂസ് ഷോട്ടിന് ശ്രമിക്കുന്നു, പക്ഷേ, സിറാജിന്റെ ലെങ്ത് ബോളിന്റെ കൃത്യതയേയും ബൗണ്‍സിനേയും താണ്ടാനാകുന്നില്ല. ഓരോ പന്തിന് ശേഷവും റൂട്ടിന് മുന്നിലേക്ക് സിറാജ് നടന്നടുക്കുകയാണ്.
‘എനിക്ക് ബാസ്ബോള്‍ കാണണം, ബാസ്ബോള്‍ എവിടെ, ബാസ്ബോള്‍ കളിക്കൂ…’ സിറാജ് റൂട്ടിനെ സ്ലെഡ്ജ് ചെയ്യുകയാണ്. ബാസ്ബോള്‍ ഫിലോസഫിയെ പോക്കറ്റിലാക്കുകയായിരുന്നു സിറാജ് ആ ഓവറില്‍.
മറുവശത്ത് ഒലി പോപ്പിനെ ഇംഗ്ലീഷ് വെയിലില്‍ ജസ്പ്രിത് ബുംറ വെള്ളംകുടിപ്പിക്കുന്നു, like a master at his work. ‘വിനോദമില്ല, വിരസതയാര്‍ന്ന ക്രിക്കറ്റിലേക്ക് മടങ്ങിവന്നിരിക്കുന്നു,’ പോപ്പിന് നേര്‍ക്ക് കയ്യടിച്ചെത്തിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ ബാസ്ബോളില്‍ നിന്ന് ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു ബുംറയും സിറാജും ചേര്‍ന്ന്. ബാസ്ബോളിനെ മാറ്റിനിര്‍ത്തി, പന്തിന്റെ മെറിറ്റിന് അനുസരിച്ച് മാത്രം കളിക്കുന്ന, അതിജീവിക്കുന്ന ഇംഗ്ലണ്ട്.
രണ്ടാം സെഷനിലെ 27-ാം ഓവറിലെ ആദ്യ പന്തിന് ശേഷം അടുത്ത 28 പന്തുകളില്‍ പോപ്പിനും റൂട്ടിനും ഒരു റണ്‍സ് പോലും നേടാൻ സാധിച്ചിരുന്നില്ല. 32-ാം ഓവറില്‍ ബുംറയുടെ യോര്‍ക്കറില്‍ പോപ്പ് സിംഗിള്‍ എടുക്കുമ്പോള്‍ ലോര്‍ഡ്സ് ഗ്യാലറി ഒന്നടങ്കം കയ്യടിച്ചു.
സിഡ്ണിയില്‍ ഇന്ത്യയുടെ വന്മതില് 40 പന്തുകള്‍ക്ക് ശേഷം ഒരു റണ്‍സ് നേടിയപ്പോഴുണ്ടായ അതേ ആരവം. ഇന്ത്യൻ പേസര്‍മാര്‍ കണിശത കാണിച്ചപ്പോള്‍ റൂട്ടിന്റെ ക്രിക്കറ്റിങ്ങ് ബ്രില്യൻസിനുകൂടി കാണികള്‍ സാക്ഷിയായി.
രണ്ടാം സെഷനിലെ ആദ്യ പത്ത് ഓവറില്‍ ബുംറയും സിറാജും വഴങ്ങിയത് കേവലം 15 റണ്‍സ് മാത്രമായിരുന്നു. ജോ റൂട്ട് ഇവിടെ നേരിട്ടത് 24 പന്തുകള്‍.
അതില്‍ 22 എണ്ണവും സിറാജിന്റേതായിരുന്നു. ബുംറയെറിഞ്ഞ 30 ലീഗല്‍ ഡെലിവെറികളില്‍ റൂട്ട് ബാറ്റ് ചെയ്തത് രണ്ടെണ്ണത്തില്‍.
ബുംറയെ നേരിടുന്നതില്‍ റൂട്ട് ഇന്നിങ്സുലടനീളം ഈ സമീപനം തുടർന്നു. റൂട്ട് ക്രീസിലെത്തിയ ശേഷം ബുംറ 12 ഓവറുകളാണ് ആകെ എറിഞ്ഞത്, 72 ലീഗല്‍ ഡെലിവെറികള്‍.
ഇതില്‍ 21 എണ്ണം മാത്രമാണ് റൂട്ട് ഫേസ് ചെയ്തത്. ഇത് ഇംഗ്ലണ്ടിന്റെ തന്ത്രമായിരുന്നോയെന്ന് അറിയില്ല.
എങ്കിലും, റൂട്ടിന്റെ ഇന്നിങ്സിനെ പടുത്തുയര്‍ത്തുന്നതില്‍ ഇത് നിര്‍ണായകമായി. മറുവശത്ത് സിറാജിന്റെ 40 പന്തുകളാണ് റൂട്ട് നേരിട്ടത്.
ആദ്യ ദിനം ബുംറയ്ക്ക്തിരെ ഒരു ബൗണ്ടറി പോലും നേടിയില്ല റൂട്ട്, സിറാജിന്റെ മൂന്ന് ലൂസ് ബോളുകളും റോപ്പ് കടത്തുകയും ചെയ്തു. റൂട്ടിന്റെ ബാറ്റില്‍ നിന്ന് ആറ് ഫാള്‍സ് ഷോട്ടുകളാണ് ബുംറ സൃഷ്ടിച്ചത്, ആകെ മുപ്പതിലധികവും.
86 ശതമാനം കണ്ട്രോളോടെ ബാറ്റ് ചെയ്ത റൂട്ടിന് എന്തുകൊണ്ട് അതിനൊത്ത റണ്‍സ് നേടാനായില്ല എന്നത് ഇന്ത്യൻ പേസര്‍മാരുടെ മികവാണ്. 108 പന്തുകളെടുത്തു ഇംഗ്ലണ്ടിന്റെ ലോക രണ്ടാം നമ്പര്‍ ബാറ്ററിന് അര്‍ദ്ധ ശതകത്തിലേക്ക് എത്താൻ.
ബാസ്ബോള്‍ യുഗത്തിലെ റൂട്ടിന്റെ ഏറ്റവും വേഗതകുറഞ്ഞ അര്‍ദ്ധ സെഞ്ച്വറി. കണക്കുകള്‍ പ്രകാരം ആദ്യ ദിനം ഇന്ത്യൻ ബൗളര്മാരെറിഞ്ഞ 54 ശതമാനം പന്തുകളും ഗുഡ് ലെങ്തിലായിരുന്നു.
ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പരമ്പരയിലൂടനീളം ആദ്യ ദിനം സാധിക്കാതെ പോയ നേട്ടം ബുംറ-ആകാശ് ദിപ്-സിറാജ്-നിതീഷ് നാല്‍വര്‍ സംഘത്തിന് കഴിഞ്ഞു. ബാസ്ബോള്‍ യുഗത്തിലെ ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് ഷോട്ടുകളുടെ ശരാശരി 44.7 ശതമാനമാണ്.
ലോര്‍ഡ്സില്‍ ആദ്യ ദിനം ഇത് 29.4 മാത്രമായി ചുരുങ്ങി. സ്ട്രൈക്ക് റൊട്ടേഷൻ 16.6 ശരാശരിയില്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഷോട്ടുകള്‍ കളിക്കാത്ത പന്തുകളുടെ ശതമാനത്തിലും കുതിപ്പ് സംഭവിച്ചു. 7.8ല്‍ നിന്ന് 12 ശതമാനമായി.
83 ഓവറില്‍ 251 റണ്‍സ്, ബാസ്ബോളിന്റെ കടന്നുവരവിന് ശേഷം സ്വന്തം മണ്ണില്‍ ഏറ്റവും കുറഞ്ഞ റണ്‍നിരക്കില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തതും ആൻഡേഴ്സണ് ടെൻഡുല്‍ക്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]