
‘ആർഎസ്എസ് തന്നെ പിണറായിക്കൊപ്പമല്ലേ, അൻവറിന്റെ ഒരു കത്രികയും യുഡിഎഫിൽ ചെലവാകില്ല’
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിലേത് സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇങ്ങോട്ട് ആരു പിന്തുണ നൽകിയാലും സ്വീകരിക്കുകയെന്ന നയമാണ് യുഡിഎഫിന്റേതെന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രത്തിൽ വെൽഫെയർ പാർട്ടി വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ പ്രസ്താവന താൻ വായിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കുമെന്ന ചർച്ചയൊന്നും നടന്നിട്ടില്ല.
ഇങ്ങോട്ട് ആരു പിന്തുണച്ചാലും അതു സ്വീകരിക്കുകയെന്നതാണ് നയം. അൻവറിനെ സ്വീകരിക്കുന്നതിൽ ഒരു വിരോധവും യുഡിഎഫ് കാട്ടിയിട്ടില്ല.
അസോഷ്യേറ്റ് അംഗത്വം കൊടുക്കാമെന്നു വരെ പറഞ്ഞതാണ്. അൻവർ പോയതല്ലേയെന്നും മുരളീധരൻ പറഞ്ഞു.
‘‘ഞങ്ങൾ പറഞ്ഞയച്ചതല്ലല്ലോ.
അൻവറിന്റെ ഒരു കത്രികയും യുഡിഎഫിൽ ചെലവാകില്ല. എൽഡിഎഫിന്റെ ഭാഗത്ത് ആ കത്രിക ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരാശങ്കയുമില്ല. കോൺഗ്രസ് പാർട്ടിയിൽ സ്ഥാനാർഥി നിർണയത്തിൽ യാതൊരു പ്രശ്നവുമുണ്ടായില്ല.
ഐകകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഒരു അപശബ്ദവും ഇതിലുണ്ടായിട്ടില്ല.
അൻവർ ഉയർത്തിയ വിഷയങ്ങൾ പ്രധാനപ്പെട്ടതായിരുന്നു. അതു കൊണ്ടാണ് ആ ആശയങ്ങളെയും ഒപ്പം അൻവറിനെയും സ്വീകരിക്കാൻ തയാറായത്.
എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ. അതിൽ ബാഹ്യ ഇടപെടൽ അനുവദിച്ചിട്ടില്ല.
അതു മാത്രമാണ് ഉണ്ടായത്. സർക്കാരിനെതിരായ വികാരം പൂർണമായും യുഡിഎഫിന് അനുകൂലമായി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്’’ – കെ.മുരളീധരൻ പറഞ്ഞു.
‘‘ഉപതിരഞ്ഞടുപ്പിൽ ബിജെപി ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
ബിജെപി സ്ക്വാഡ് വർക്കും കാര്യമായി നടക്കുന്നില്ല. യുഡിഎഫിനു വോട്ടു കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം പ്രചാരണം നടത്തുന്നതുവഴി എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ബിജെപി കൺവൻഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഎം – ബിജെപി അന്തർധാരക്ക് തെളിവാണ്. ഹിന്ദുമഹാസഭ മാത്രമല്ല, ആർഎസ്എസ് തന്നെ പിണറായിക്കൊപ്പമല്ലെ.’’ – മുരളീധരൻ ചോദിച്ചു.
സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ‘‘തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നതു പോലെയാണ് സിപിഎമ്മിന്റെ സമീപനം.
അവരെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നന്മയുള്ളവരും അല്ലാത്തവരെ നന്മയില്ലാത്തവരുമായിട്ടാണ് ചിത്രീകരിക്കുന്നത്. സിപിഎമ്മിന് ആരെയും കൂട്ടാം.
സിപിഎമ്മിന്റെ അവസരവാദനയം കേരള ജനതയ്ക്ക് അറിയാം. നിലമ്പൂർ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടിന്റെ നന്മ പ്രതീക്ഷിക്കുന്ന സിപിഎമ്മുകാരും യുഡിഎഫിനു വോട്ട് ചെയ്യും. സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. എല്ഡിഎഫിനുള്ള ഹിന്ദുമഹാസഭ പിന്തുണയെ സിപിഎം എന്ത് ചെയ്തും ന്യായീകരിക്കും’’ – സണ്ണി ജോസഫ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]