
‘സ്ഥലം മാറ്റിയത് ഒരു ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ; ഫോൺ വിളിച്ചിട്ടും മന്ത്രിക്ക് കൃത്യമായ മറുപടി നൽകിയില്ല’
തിരുവനന്തപുരം ∙ ‘‘ഞാൻ ഗതാഗത മന്ത്രിയാണ്, ഫോണിലെ സന്ദേശം പരിശോധിച്ച് നടപടിയെടുക്കണം’’– യാത്രക്കാർക്ക് പരാതി അറിയിക്കാൻ കെഎസ്ആർടിസി ബസിന്റെ പിന്നിൽ പതിപ്പിച്ചിരിക്കുന്ന വാട്സാപ് നമ്പറിലേക്കു പരാതിക്കൊപ്പം ഗതാഗതമന്ത്രി ഗണേഷ് കുമാർ ശബ്ദസന്ദേശം അയച്ചു. പ്രതികരണമില്ല.
കൺട്രോൾ റൂമിലേക്ക് പരാതി പറയാനായി വിളിച്ചിട്ടും ആരും എടുക്കാത്തതിനാലാണ് ഫോണിലേക്ക് സന്ദേശം അയച്ചത്. ഒരു ദിവസത്തിനുശേഷവും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
കൺട്രോൾ റൂമിനെക്കുറിച്ച് നിരവധി പരാതികൾ മന്ത്രിക്ക് ലഭിച്ചിരുന്നു. കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫിസിൽ നടക്കുന്നതിനിടെയാണ് മന്ത്രി കൺട്രോൾ റൂമിലേക്ക് നേരിട്ടു വിളിച്ചത്.
മറുപടിയുണ്ടായില്ല. ഒന്നിലേറെ ലൈനുകളുണ്ടായിട്ടും ആരും എടുക്കാത്തത് മന്ത്രി ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി.
പിന്നാലെ കൺട്രോൾ റൂമിലെ വാട്സാപ് നമ്പറിലേക്ക് സന്ദേശം അയച്ചു. അതും ആരും പരിശോധിച്ചില്ല.
പിന്നീട് മൂന്നാം തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. യാത്രക്കാരനെന്നു പറഞ്ഞു മന്ത്രി ചോദിച്ച സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല.
തുടർന്നാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. കൺട്രോൾ റൂമിൽ ഡ്യൂട്ടിക്ക് നിയോഗിച്ച 9 കണ്ടക്ടർമാരെയാണ് ഡിപ്പോകളിലേക്കു തിരിച്ചയച്ചത്. 3 വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ 9 പേരെയാണ് സ്ഥലംമാറ്റിയത്.
ആർ.പി.അർജുൻ (കാസർകോട്), എസ്.ഫാത്തിമ (തിരുവനന്തപുരം സിറ്റി), ജോസൺ.പി.ജോസഫ് (വികാസ്ഭവൻ), എം.ആർ.മിഥുൻരാജ് (വികാസ്ഭവൻ), ബി.നിർമൽ (മൂവാറ്റുപുഴ), ഡി.ഉഷ (ആറ്റിങ്ങൽ), ജിജു ജയൻ (തിരുവല്ല), എസ്.എസ്.ലിനേക്കർ (ചങ്ങനാശേരി), രശ്മി.ആർ.എസ്.നായർ (വെള്ളനാട്) എന്നിവരെയാണ് വിവിധ ഡിപ്പോകളിൽ കണ്ടക്ടറായി തിരികെ അയച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]