
ദിയ കൃഷ്ണയുടെ കടയിലെ കേസ്: ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; പണം ചെലവാക്കിയതെങ്ങനെ?
തിരുവനന്തപുരം ∙ നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽനിന്നാണ് ഇൗ കണക്ക് ലഭിച്ചത്.
ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല.
മൂവരും സ്ഥലത്തില്ലെന്നാണ് വിവരമെന്നു മ്യൂസിയം എസ്ഐ വിപിൻ പറഞ്ഞു. 66 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നു സ്റ്റേറ്റ്മെന്റിൽ കണ്ടെത്തിയെങ്കിലും ഇവർ ഈ പണം ചെലവാക്കിയതെങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല.
നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകിയെന്നുമാണ് ജീവനക്കാരുടെ മൊഴി. പലപ്പോഴും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയിട്ടുമുണ്ട്. ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാർ മാധ്യമങ്ങളോടു സംസാരിക്കുന്നു.
(ഫയൽ ചിത്രം)
ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്റ്റേഷനിൽ എത്താൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. സ്ഥാപനം നികുതി അടച്ചതിന്റെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് തേടുന്നത്.
നികുതിയടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു. സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും താൻ ബിജെപി നേതാക്കളെയോ പ്രവർത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇതിനിടെ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]