
നോയിഡ: സോഷ്യൽ മീഡിയ ഉപയോഗം ഭർത്താവ് വിലക്കിയതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ദില്ലിയിലെ നോയിഡയിൽ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ കോളനിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി വീട്ടിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കരുതെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞി.
യുവതി ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഭർത്താവും യുവതിയും പതിവായി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇൻസ്റ്റഗ്രാം ഉപയോഗിക്കരുതെന്ന് ഭർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി തർക്കം രൂക്ഷമായി. ഒടുവിൽ ഭർത്താവിനോട് പിണങ്ങി മുറിയിലേക്ക് പോയ ഭാര്യ വാതിൽ അകത്ത് നിന്നും പൂട്ടിയ ശേഷം ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഭാര്യയെ കാണാതായതോടെ ഭർത്താവ് അന്വേഷിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഒൻപത് വർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ട് കുട്ടികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭർത്താവ് തന്നെയാണ് ഭാര്യ ജീവനൊടുക്കിയ വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഭർത്താവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Jun 11, 2024, 12:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]